പതിവുപോലെ ഇത്തവണയും ദേശീയ പണിമുടക്ക് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല. ഡൽഹിയും മുംബൈയും അടക്കമുള്ള മെട്രോ നഗരങ്ങളിൽ ജനജീവിതവും ഓഫീസുകളുടെ പ്രവർത്തനവും സാധാരണ നിലയിലായിരുന്നു. രാജ്യവ്യാപകമായി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.
തമിഴ്‌നാട്ടിൽ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു. ചെന്നൈയിൽ പൊതുഗതാഗതം തടസ്സപ്പെട്ടില്ല. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കർണാടകയിൽ വ്യവസായ മേഖല പൂർണ്ണതോതിൽ പ്രവർത്തിച്ചു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ മുടക്കരുതെന്ന് കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടനകൾ പ്രതിഷേധിച്ചെങ്കിലും ദൈനംദിന പ്രവർത്തനങ്ങളെ അത് ബാധിച്ചില്ല.
മുംബൈയിൽ ബാങ്കിങ് മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തി. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും സജീവമായിരുന്നു. കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടില്ല. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പണിമുടക്ക് പ്രതിഫലിച്ചില്ല. അതേസമയം, വ്യാപാര കരാറുകൾ കർഷകവിരുദ്ധമാണെന്ന് ആരോപിച്ചു കർഷക സംഘടനകൾ ജില്ലാതലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.