കനത്ത മഴയില്‍ മുംബൈയിലെ മൻഖുർദ് മേഖലയില്‍ കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം. മൻഖുർദിലെ ജനതാ നഗറില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. അപകടാവസ്ഥയിലായിരുന്ന മൂന്നുനില കെട്ടിടം സമീപത്തുണ്ടായിരുന്ന വീടിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ഈ വീട്ടില്‍ താമസിക്കുകയായിരുന്ന മൊയ്നുദ്ദീൻ വജീദ് അലി ഷായുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 

മൊയ്നുദ്ദീന്‍റെ ഭാര്യ അക്തർ ജഹാൻ (38), മക്കളായ കൈസർ (14), ജലാലുദ്ദീൻ (9), സെറാജുദ്ദീൻ (7), അനാബിയ (3), എന്നിവരും ഇവരുടെ വീട്ടിൽ കളിക്കാനെത്തിയ അയൽവാസി ആലിയ (7) യുമാണ് അപകടത്തിൽ മരിച്ചത്. സംഭവസമയം മൊയ്നുദ്ദീൻ വീടിന് പുറത്തായിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അനധികൃതമായി നിർമ്മിച്ച മൂന്നുനില കെട്ടിടമാണ് മൊയ്നുദ്ദീന്‍റെ ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീടിന് മുകളിലേക്ക് തകർന്നുവീണത്. അപകടത്തിൽപ്പെട്ട കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. സമീപത്തെ കെട്ടിടത്തിൽ വിള്ളലുകൾ കാണുകയും കെട്ടിടം ചരിഞ്ഞതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ, അപകടം മണത്തറിഞ്ഞ ഇവർ പിറ്റേദിവസം തന്നെ താമസം മാറാൻ തീരുമാനിച്ചിരുന്നു. മാത്രമല്ല, ഇതിനായി സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി ദുരന്തമെത്തുകയായിരുന്നു. അതേസമയം, തകര്‍ന്ന കെട്ടിടത്തിലെ താമസക്കാര്‍ ഇതിനകം ഒഴിഞ്ഞുപോയിരുന്നു.

അപകടത്തിന് പിന്നാലെ മൻഖുർഡ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടം നിർമ്മിച്ച ഉടമയെയും കരാറുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കെട്ടിടം നിയമവിരുദ്ധമായി നിർമ്മിച്ചതാണോ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Six members of a family, including five children, lost their lives after an illegal building collapsed onto their home in Mumbai's Mankhurd. CM announces compensation.