Image Credit : Instagram

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ഉദ്വേഗജനകമായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിന്‍ തൊട്ടടുത്തെത്തിയിട്ടും പാളത്തില്‍ നിന്ന് മാറാതെ നില്‍ക്കുന്നൊരു നായയാണ് വിഡിയോയിലുളളത്. ലോക്കോ പൈലറ്റ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിട്ടും അനങ്ങാതെ നില്‍ക്കുന്ന നായയെ അവസാനം അവിടെ നിന്നും മാറ്റാന്‍ ശ്രമിക്കുന്നൊരു യുവാവിനെയും വിഡിയോയില്‍ കാണാം. എന്താണ് പിന്നീട് എന്തു സംഭവിച്ചു എന്ന് വിഡിയോയിലില്ല. ഇതിനുളള ഉത്തരമാണ് സൈബറിടം തിരയുന്നത്.

മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ട്രെയിനുകൾ പതിവിലും സാവധാനമാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കുർള റെസ്റ്റേഷനിൽ ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്. മഴക്കെടുതി മൂലം റെയില്‍പാളം വെളളം നിറഞ്ഞുകിടക്കുന്നത് വിഡിയോയില്‍ കാണാം. ഇതേ ട്രാക്കിലാണ് ഒരു തെരുവ് നായയും സ്ഥാനമുറപ്പിച്ചത്. ട്രാക്കില്‍ നിന്ന് മാറാതെ നായ മുന്നോട്ട് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നായയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ അതേ ട്രാക്കിലൂടെ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കിയെങ്കിലും ഫലം കണ്ടില്ല. പലതവണ ഹോണ്‍ മുഴക്കിയിട്ടും നായ ട്രാക്കില്‍ നിന്നും മാറാതായതോടെ ട്രെയിനിന്‍റെ സ്പീഡ് വളരെയധികം കുറച്ചു. ഈ സമയത്താണ് ഒരു യുവാവ് ട്രാക്കിലേക്ക് എടുത്ത് ചാടി നായയെ രക്ഷിക്കാനായി എത്തിയത്. എന്നാല്‍ യുവാവ് എത്ര ശ്രമിച്ചിട്ടും നായ മാറാന്‍ തയ്യാറായില്ല. ഒടുവില്‍ ട്രെയിന്‍ മുന്നോട്ട് വരുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. ഈ വിഡിയോ സൈബറിടത്ത് വൈറലായതിന് പിന്നാലെ നായ സുരക്ഷിതയാണോ എന്നാണ് സോഷ്യല്‍ ലോകം തിരയുന്നത്. നായയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് നിറകയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിന് ദൃക്സാക്ഷികളായ ചിലരും കമന്‍റുകളുമായി രംഗത്തെത്തി. നായ സുരക്ഷിതമാണെന്നും അതിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ചിലര്‍ കമന്‍റിലൂടെ വ്യക്തമാക്കിയത്. 

ENGLISH SUMMARY:

Mumbai train news features a viral video of a dog on a railway track in Kurla station during heavy monsoon rains. The incident shows a young man attempting to rescue the dog as a train approaches, sparking concern and discussion online.