subair

ഇരുനൂറിലധികം ജീവനുകള്‍ കവര്‍ന്നെടുത്ത ഉരുള്‍പൊട്ടലില്‍ 32 പേര്‍ ഇപ്പോഴും കാണാമറയത്താണ്. ഇവരെയും മരിച്ചവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും മൃതദേഹാവശിഷ്ടം പോലും ലഭിക്കാത്തതിന്‍റെ സങ്കടം ഉറ്റവര്‍ക്ക് വിട്ടുമാറിയിട്ടില്ല. അന്ത്യകര്‍മ്മമെങ്കിലും ചെയ്യാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി വീണ്ടും തിരച്ചില്‍ നടത്തണമെന്നാശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ദുരിതബാധിതര്‍ ആലോചിക്കുന്നുണ്ട്. 

ഉരുളെടുത്ത രണ്ട് കുരുന്നുകളുടെ ഓര്‍മ്മയില്‍ നെഞ്ചുരുകി കഴിയുകയാണ് പിതാവ് സുബൈര്‍വാവ. ഫോണിലെ ഈ ഫോട്ടോകള്‍ നോക്കിയിരിക്കുകയാണ് ഭൂരിഭാഗം സമയവും. 14കാരനായ ഷഹലിനെയും 9കാരനായ റസലിനെയും സുബൈറിന്‍റെ കയ്യില്‍ നിന്നാണ് മലവെള്ളപ്പാച്ചില്‍ തട്ടിയെടുത്തത്. സുബൈര്‍ വാവ ഇപ്പോള്‍ കല്‍പ്പറ്റ മുണ്ടേരിയില്‍ അതിജീവനത്തിനായി പലരുടേയും സഹായത്തോടെ ഒരു തുണിക്കട തുടങ്ങിയിട്ടുണ്ട്. 

മക്കള്‍ക്കൊപ്പം സ്വന്തം പിതാവിനെയും ഉരുളെടുത്തു. പരുക്കേറ്റ ഭാര്യയുടെ തുടര്‍ചികില്‍സ വലിയ പ്രതിസന്ധിയായി മുന്നിലുണ്ട്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് പോയവരെ വര്‍ഷം ഒന്ന് പിന്നിടുമ്പോള്‍  കാണാന്‍ പോലും കിട്ടുന്നില്ല. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹവശിഷ്ടമെങ്കിലും ലഭിക്കാനുള്ള അര്‍ഹത തങ്ങള്‍ക്കില്ലേ എന്നാണ് ചോദ്യം.

മൃതദേഹവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ദുരിതബാധിതകര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീക്കം കൂടി നോക്കിയ ശേഷമാകും അന്തിമ തീരുമാനം. 

ENGLISH SUMMARY:

More than 200 lives were lost in a devastating landslide, with 32 people still missing. Despite the government officially declaring them deceased, the families remain heartbroken as no human remains have been recovered. The grieving relatives are considering approaching the court, hoping for a renewed search to find at least the remains for performing final rites.