ramya-haridas-siddique-priyanka

വയനാട് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനിടയ്​ക്ക് ടി.സിദ്ദിഖ് എംഎല്‍എയ്​ക്ക് കൂവല്‍ ഉയര്‍ന്നതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ്. 'മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി.സിദ്ധിക്ക് MLA യെ മുണ്ടക്കൈ -ചൂരൽമലക്കാർക്കറിയാം. ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല,' എന്നാണ് സിദ്ദിഖിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രമ്യ കുറിച്ചത്. 

അതേസമയം പോസ്റ്റിന്‍റെ കമന്‍റിലാകെ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയുമാണ് നിറഞ്ഞത്. 'രാഹുലും പ്രിയങ്കയും സ്വന്തം നേതാക്കളല്ലേ എന്നും ഇങ്ങനെ വിമര്‍ശിക്കാവോ' എന്ന് ഒരു കമന്‍റ്. 'ഈ ചങ്കൂറ്റത്തെ സമ്മതിച്ചേ മതിയാവൂ.. രാഹുലിനെയും , പ്രിയങ്കയെയും വിമർശിക്കാൻ കാണിച്ച ഈ മനസ്സ്' എന്നും കമന്‍റില്‍ പരിഹാസം. 

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. സിപിഎം പ്രവർത്തകരാണ് കൂക്കിവിളിച്ചതെന്ന് സിദ്ദിഖ് പ്രതികരിച്ചു. ‘കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവം മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവർ ഇടപെട്ടില്ല. ദുരിതബാധിതർ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്’ ടി.സിദ്ദിഖ് പറഞ്ഞു.

ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. കല്ലുമാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നും ചടങ്ങിൽ മന്ത്രി കെ.രാജൻ പറഞ്ഞിനെതിരയും ടി സിദ്ദിഖ് രംഗത്തെത്തി. കല്ലിട്ട് പോകുന്നവരെന്ന മന്ത്രി കെ രാജന്റെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ENGLISH SUMMARY:

Wayanad Township inauguration witnessed an unexpected incident where MLA TC Sadiq faced booing, prompting a strong rebuttal from Congress leader Remya Haridas. She defended Sadiq's efforts in helping flood-affected people, criticizing those who she believes are politically motivated and unaware of the region's suffering.