തിരുവനന്തപുരം മൃഗശാലയില്‍ സൂപ്പര്‍വൈസറെ കടുവ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രന്‍റെ തലയിലാണ് പരുക്കേറ്റത്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ നിന്നും പിടികൂടിയ കടുവയാണ് കൂട് വൃത്തിയാക്കുന്നതിനിടെ ആക്രമിച്ചത്. വയനാട്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ച ബബിതയെന്ന കടുവയാണ് ആക്രമിച്ചത്.
രാവിലെ 11 മണിയോടെ ജീവനക്കാര്‍ കൂട് വൃത്തിയാക്കുന്ന ജോലി ചെയ്യുമ്പോഴാണ് ആക്രമണം. കൂടിന് പുറത്തു നിന്ന രാമചന്ദ്രന്‍ ഹോസ് ഉപയോഗിച്ച് കടുവയുടെ പുറത്തേയ്ക്ക് വെള്ളമൊഴിച്ചപ്പോള്‍ മുന്‍വശത്തെ കാലുയര്‍ത്തി അടിക്കുകയായിരുന്നു. കടുവയുടെ നഖം കൊണ്ട് രാമചന്ദ്രന്‍റെ തലയില്‍ ആറ് തുന്നലുണ്ട്.
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവനക്കാരനെ പരുക്ക് ഗുരുതരമല്ലാത്തിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ചയായതുകൊണ്ട് മൃഗശാലയില്‍ നിറയെ കാഴ്ചക്കാരുണ്ടായിരുന്നു. വയനാട്ടില്‍ നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ഭീഷണിയായ കടുവയെ പിടികൂടി കഴിഞ്ഞ ഏപ്രിലില്‍ മൃഗശാലയില്‍ എത്തിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നൽകിയതായി സൂപ്രണ്ട് അറിയിച്ചു.