കൊല്ലം തേവലക്കര സ്കൂളില്‍ പതിമൂന്നുകാരന്‍ ഷോക്കേറ്റ് മരിച്ചതില്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തെങ്കിലും അനക്കമില്ലാതെ വൈദ്യുതി, തദ്ദേശവകുപ്പുകള്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്ന് മന്ത്രിമാര്‍ പറയുന്നതല്ലാതെ അത്യാഹിതമുണ്ടായി രണ്ടാഴ്ചയോട് അടുക്കുമ്പോഴും വീഴ്ചയ്ക്ക് കാരണമായവര്‍ സുരക്ഷിതരാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അപകടത്തില്‍ ഈ നിലപാടെങ്കില്‍ മെല്ലെപ്പോക്കിന് മറ്റൊരുദാഹരണം വേണ്ടല്ലോ.
മാനേജ്മെന്‍റിനെയാകെ പിരിച്ചുവിട്ട് ഭരണമേറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ വേഗത്തിലാക്കിയപ്പോള്‍ മറ്റുള്ളവര്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല.
സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി കമ്പി തൂങ്ങിക്കിടന്നത് നേരിട്ടറിഞ്ഞിട്ടും ഇടപെടാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ആരെച്ചാരി രക്ഷപ്പെടുമെന്ന ആലോചനയിലാണ് വൈദ്യുതിവകുപ്പ്. ഉദ്യോഗസ്ഥരെ പൂര്‍ണമായും സംരക്ഷിച്ചുള്ള തദ്ദേശവകുപ്പ് ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് മന്ത്രിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കി. മൈനാഗപ്പള്ളി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന റിപ്പോര്‍ട്ടും കിട്ടി. പക്ഷേ ആരെയും തൊട്ടില്ല.