കൊലയാളി ഗോവിന്ദചാമിയെ വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ എത്തിച്ചു. സഹതടവുകാരനൊപ്പം ഉദ്യോഗസ്ഥരുടെ മുറിയ്ക്കരികിലുള്ള സെല്ലിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചത്. 

ജയില്‍ ചാടിയ കണ്ണൂരില്‍ നിന്ന് ഗോവിന്ദചാമിയെ വിയ്യൂര്‍ അതീവസുരക്ഷ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. രാവിലെ ഏഴരയോടെ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടു. നട്ടുച്ചയ്ക്കായിരുന്നു വിയ്യൂരില്‍ എത്തിച്ചത്. കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കേരളത്തില്‍ ഇന്നേറ്റവും സുരക്ഷയുള്ള ജയിലാണ് വിയ്യൂരിലേത്. താഴത്തെ നിലയില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയോടു ചേര്‍ന്നുള്ള സെല്ലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൂടെ  ഒരു തടവുകാരനെക്കൂടി പാര്‍പ്പിച്ചിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ വിശ്വസ്തനാണ് ഈ തടവുകാരന്‍. ഗോവിന്ദചാമിയെ നിരീക്ഷിക്കുകയാണ് ഉദ്ദേശ്യം. അതീവസുരക്ഷ ജയിലില്‍ എത്തിയത് ഉച്ചഭക്ഷണ സമയത്തായിരുന്നു. ശനിയാഴ്ചയായതിനാല്‍ ചോറും മട്ടണുമായിരുന്നു ഉച്ചഭക്ഷണം. അഴികള്‍ക്കിടയിലൂടെ ഇറങ്ങാന്‍ ശരീരഭാരം കുറയ്ക്കാന്‍ ചോറ് ഒഴിവാക്കിയിരുന്നു. ജയില്‍ചാട്ടം പാളിയ  ശേഷം ചോറ് വീണ്ടും കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 180 സെല്ലുകളുണ്ട് അതീവ സുരക്ഷ ജയിലില്‍. 235 തടവുകാരുണ്ട് നിലവില്‍. അഞ്ഞൂറിലേറെ തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലാണിത്. സെല്ലിന് പുറത്തിറക്കാതെ താമസിപ്പിക്കും. ശുചിമുറിയും സെല്ലിനുള്ളില്‍തന്നെയാണ്. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ചികില്‍സ ആവശ്യപ്പെട്ടാല്‍ ഡോക്ടറെ ജയിലില്‍ എത്തിക്കാനാണ് ജയില്‍ ഉദ്യോഗസ്ഥരുടെ നീക്കം. ചികില്‍സയ്ക്കായി ഗോവിന്ദചാമിയെ പുറത്തു കൊണ്ടുപോകുന്നത് സാഹസമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൊലയാളികളായ റിപ്പര്‍ ജയാനന്ദനും ചെന്താമരയുമാണ് ഈ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ തടവുകാര്‍. 

ENGLISH SUMMARY:

Convicted murderer Govindachamy has been shifted to the Viyyur high-security prison. He has been housed in a cell near the officers' room, along with another inmate.