കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ജയില്‍ മാറ്റം. രാവിലെ 6.30 ഓടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്. അതീവസുരക്ഷയിലായിരുന്നു ജയില്‍ മാറ്റം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ഒറ്റപ്പെട്ട സെല്ലില്‍ ഇനി ഏകാന്തതടവുകാരനായിരിക്കും ഗോവിന്ദചാമി.
മൂന്നു നിലകളിലായി 535 പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന 180 സെല്ലുകളാണ് വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലുള്ളത്. രാജ്യദ്രോഹ കുറ്റത്തിനടക്കം ശിക്ഷിച്ച കൊടുംക്രിമിനലുകളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. വിയ്യൂരിലെത്തിയ ഗോവിന്ദചാമിക്ക് ഇനി പുറംലോകം കാണാന്‍ സാധിക്കില്ല എന്നതാണ് ഇവിടുത്തെ സെല്ലിന്‍റെ പ്രത്യേക. ഒരാളെ പാര്‍പ്പിക്കുന്ന ഏകാന്ത സെല്ലുകളും, രണ്ടും, മൂന്നും അഞ്ചും പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന സെല്ലുകളുമാണ് ഈ മൂന്നു നില കെട്ടിടത്തിലുള്ളത്. ഇതില്‍ ഏകാന്ത സെല്ലിലാകും ഗോവിന്ദചാമി ഇനിയുള്ള കാലം കഴിയുക.
ശുചിമുറിയടക്കമുള്ള സെല്ലില്‍ ഭക്ഷണം നേരിട്ട് എത്തിക്കും. സെല്ലിലേക്ക് മാറ്റുന്നതോടെ ഗോവിന്ദചാമി പൂര്‍ണമായും സി.സി.ടി.വി കാമറ നിരീക്ഷണത്തിലാകും. ജയില്‍ചാടിയ ചരിത്രമുള്ളതിനാല്‍ ഗോവിന്ദച്ചാമിക്ക് അതീവസുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണമുണ്ടാകും. കേസിന്‍റെ കാര്യങ്ങളുണ്ടെങ്കില്‍ മാത്രം വിഡിയോ കോണ്‍ഫറന്‍സ് മുറിയിലേക്ക് മാറ്റും. ഇനിയുള്ള ജീവിതം ഒറ്റപ്പെട്ട സെല്ലില്‍ ഗോവിന്ദചാമിക്ക് ഒതുങ്ങിക്കുടേണ്ടിവരുമെന്ന് ചുരുക്കം.
ഇന്നലെ രാത്രി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതോടെ ഗോവിന്ദചാമിയുടെ ജയില്‍മാറ്റം സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതോടെ ഗോവിന്ദചാമിയെ തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. രാവിലെയാണ് കണ്ണൂരില്‍ നിന്നും ഗോവിന്ദചാമിയുമായുള്ള സഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പുറപ്പെട്ടത്.