കാസര്‍കോട് കാഞ്ഞങ്ങാട്ട് ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. വണ്‍വേ തെറ്റിച്ചുവന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ലോറി മറിഞ്ഞത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ അടുക്കം സ്വദേശി മിഥുനെതിരെ പൊലീസ് കേസെടുത്തു.
മറിഞ്ഞ ലോറി ഉയര്‍ത്തിയപ്പോള്‍ വാല്‍വ് പൊട്ടിയാണ് ടാങ്കറില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ റോഡിൽ നിന്നു ടാങ്കർ ലോറി കുഴിയിലേക്ക് മറിഞ്ഞു. അപകടം നടന്ന ഉടനം പാചകവാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ വീടുകളിൽ നിന്നു ആളുകളെ ഒഴിപ്പിച്ചിരുന്നു.
ദേശീയപാതയിൽ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.