ഗോവിന്ദച്ചാമി, കേരളം കണ്ട ഏറ്റവും ക്രൂരനായ കുറ്റവാളികളില്‍ ഒരാള്‍. ഒരു പാവം പെണ്‍കുട്ടിയെ പിച്ചിച്ചീന്തി, അബോധാവസ്ഥയിലായ ശേഷം റയില്‍ ട്രാക്കിലേക്ക് വലിച്ചിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നാലെ ജീവനെടുക്കുകയും ചെയ്തു, ഇത്തരമൊരു കൊടുംക്രിമിനല്‍ കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്നറിയപ്പെടുന്ന കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിരക്ഷപ്പെട്ടുവെന്നത് കേരളത്തിന്റെ സാമൂഹ്യസുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. Also Read: പരിശോധിച്ചത് മതിലിനരികെ തുണി കണ്ടപ്പോള്‍; ജയില്‍ചാടിയത് അറിഞ്ഞത് 6 മണിക്കൂര്‍ വൈകി...
ഒരു കുറ്റം ചെയ്തയാള്‍ക്ക് മാനസാന്തരം വരാന്‍ അവസരം കൊടുക്കണമെന്നതാണ് നമ്മുടെ നിയമവ്യവസ്ഥയിലെ റീഫര്‍മറ്റീവ് തിയറി. പക്ഷേ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ഒരു കുറ്റവാളിക്ക് മാനസാന്തരം വന്നോയെന്ന് എങ്ങനെ നിര്‍ണയിക്കാമെന്ന കാര്യത്തില്‍ ഇന്നും നമുക്ക് ഒരു വ്യവസ്ഥയുമില്ല. കേന്ദ്രമോ സംസ്ഥാനമോ ഇക്കാര്യത്തില്‍ ഒരു നിയമാവബോധവും വരുത്തിയിട്ടില്ലായെന്നത് ദുഖകരമായ സത്യമാണെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ. സുരേശന്‍ മനോരമന്യൂസിനോട് പറഞ്ഞു. ‘
ഗോവിന്ദച്ചാമിയുടെ കോടതിയിലെ പെരുമാറ്റം വളരെ മോശമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറെ, നിന്നെ കാണിച്ചു തരാമെന്ന് കോടതിയില്‍വച്ച് പറഞ്ഞു, കേരളം മൊത്തം ചര്‍ച്ച ചെയ്ത കേസില്‍ ഒരു സമയത്തു പോലും അയാള്‍ക്ക് കുറ്റബോധമോ ഭാവവ്യത്യാസമോ തോന്നിയില്ല, കോടതിയേയും പൊലീസിനേയും വക്കീലിനേയും വെല്ലുവിളിക്കുന്നതാണ് വിചാരണാസമയത്തെല്ലാം കണ്ടതെന്നും സുരേശന്‍ പറയുന്നു. റീഫര്‍മേഷന്‍ തിയറി ഏതൊക്കെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുമെന്നുള്ളത് ഇനിയും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അയാളൊരു ഹാബിച്ച്വല്‍ ഒഫന്‍ഡര്‍ (സ്ഥിരമായി കുറ്റം ചെയ്യുന്ന പ്രതി) ആണെന്ന് അന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. അത്തരമൊരു കുറ്റവാളിയുടെ മനസ് മാറാന്‍ സാധ്യതയില്ലെന്നും കൃത്യമായി വാദിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. Also Read: ‘തൂക്കിക്കൊന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു; ജയിലിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകും’
ഒരു കുറ്റവാളിക്ക് ശിക്ഷ നല്‍കുന്നതിലൂടെ നവീകരിക്കപ്പെടും എന്നാണ് പൊതുവേ കരുതുന്നത്. പതിനാലു വര്‍ഷം ഒരു പ്രതി ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും പ്ലാന്‍ തയ്യാറാക്കി ജയില്‍ ചാടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്ക് യാതൊരു മാനസാന്തരവും വന്നിട്ടില്ല എന്നു തന്നെയാണ്, മാത്രമല്ല അന്നത്തെ അതേ ക്രിമിനല്‍ മനസ് അതുപോലെ നില്‍ക്കുന്നു എന്ന് കൂടിയാണ്.
C46 എന്ന നമ്പറിലാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞത്. പത്താംബ്ലോക്കിലെ മുറിയുടെ കമ്പി തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. മനുഷ്യാവകാശത്തിന്റെ പേരില്‍ എല്ലാ സൗകര്യങ്ങളും സുലഭമായി കിട്ടി. ചാര്‍ളി തോമസ് എന്നാണ് യഥാര്‍ത്ഥ പേര്. കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിച്ചുവരുന്നതിനിടെയാണ് ജയില്‍ചാട്ടം. പുലര്‍ച്ചെ ഒരുമണിയ്ക്ക് ശേഷമായിരിക്കും ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാകാനാണ് സാധ്യത. രാവിലെ സെല്ലില്‍ പോയി നോക്കിയപ്പോഴാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ട വിവരം ലഭിക്കുന്നത്. ഏഴേകാലോടെയാണ് പൊലീസിനെ ജയില്‍ അധികൃതര്‍ വിവരം അറിയിക്കുന്നത്.
ഗോവിന്ദച്ചാമിയെ തേടി ഒരു ടീം പുറപ്പെട്ടുകഴിഞ്ഞു. ഒറ്റയടിക്ക് ജയില്‍ ചാടുക എന്നത് അസാധ്യമാണ്. കുറേനാളായുള്ള പ്ലാനിങ്ങിന്റെ ഭാഗമായി മാത്രമേ ഇത്തരത്തില്‍ സുരക്ഷയെ മറികടന്ന് രക്ഷപ്പെടാനാവുകയുള്ളൂ. കേരളത്തിലെ തന്നെ ഏറ്റവും സുരക്ഷയുളള ജയിലുകളിലൊന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. മുന്‍വശത്ത് വലിയ പൊലീസ് നിരീക്ഷണമാണുള്ളത്, രണ്ടുവീട് പൊക്കത്തില്‍ മതിലുകളുള്ള ജയിലില്‍ നിന്നും സഹായമില്ലാതെ എങ്ങനെ ജയില്‍ ചാടും എന്നതാണ് ഉയരുന്ന ചോദ്യം.
ജയില്‍മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് ജയില്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുെട ജയിലിനുള്ളിലെ കടുത്ത അനാസ്ഥയും സുരക്ഷാവീഴ്ച്ചയുമാണ്. ഓരോ നിമിഷവും നിരീക്ഷിക്കേണ്ട കൊടും ക്രിമിനല്‍ ജയില്‍ മതില്‍ കടന്ന് പോയെങ്കില്‍ അധികൃതര്‍ ഉത്തരം പറഞ്ഞേ തീരൂ.
ഗോവിന്ദച്ചാമിയെ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിക്കാനുള്ള ഫോൺ നമ്പർ പൊലീസ് പുറത്തുവിട്ടു: 9446899506.