സൂര്യനെല്ലി പീഡന കേസ് തുടങ്ങി, സ്ത്രീധന പീഡന മരണങ്ങൾ മുതൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വരെയുള്ള  ലൈംഗീക പീഡന വാർത്തകൾ പുറത്തുവരുമ്പോൾ ഇരകളെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ നിറയുന്നതിനെതിരെ സൈക്കോളജിസ്റ്റ് ഹേന സുഭദ്ര.

എന്തുകൊണ്ടാണ് അവൾ അവിടുന്ന് ഇറങ്ങിപ്പോകാതിരുന്നത്?, അവളെ ഇത്രയധികം വേദനിപ്പിച്ചു / പീഡിപ്പിച്ചു എന്നൊക്കെ പറയുമ്പോഴും വ്യക്തിയുമായി പിന്നെയും ബന്ധം തുടരുന്നത് എന്തുകൊണ്ടാണ് തുടങ്ങിയ പ്രതികരണങ്ങള്‍ പലരും വ്യാപകമായി ഉപയോഗിക്കാറുണ്ട്. അതിനെതിരെയാണ് ഹേനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

"പ്രണയം നടിച്ച് പീഡിപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്നൊക്കെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ പരിഹാസമോ  ഇക്കിളി കഥകളോ ഒക്കെയായി ആ‌ഘോഷിക്കുകയും അത്തരം പീഡന "വീരന്മാരെ"  മാലയിട്ട് മാന്യമായ ഇരിപ്പിടം നൽകി അവരോട് അപാര എമ്പതിയോടെയും കരുണയുടെയും പെരുമാറുകയും ചോദ്യങ്ങൾ ചോദിക്കുകയും ഒക്കെ ചെയ്യുന്നത് നോർമലായൊരു സമൂഹത്തിലാണ് നമ്മൾ ഇന്നുള്ളത്.  

കാരണം ട്രോമാ ബോണ്ടിങ് എന്നത് അത് സ്വയം അനുഭവിക്കാത്ത മനുഷ്യർക്ക്  അവർ എത്ര വിദ്യാഭ്യാസമോ വിവരമൊ ഉള്ളവരായാലും എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും മനസിലാക്കാൻ പറ്റാത്ത കാര്യമാണ്. മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത് ഇത്തരം അബ്യുസീവ്  ആയ ബന്ധങ്ങളിൽ  ഒരു വ്യക്തിയെ  പിടിച്ചുനിർത്തുന്നത് സ്നേഹം മാത്രമല്ല, ഭയം, അധികാരത്തിലെ അസമത്വം, അതിജീവനത്തിനായുള്ള പോരാട്ടം ഇവയൊക്കെ കൂടിയാണ് എന്നാണ്. ഇതൊക്കെ ഇങ്ങനെ പറഞ്ഞാൽ മനസിലാക്കും എന്ന് വിചാരിച്ചിട്ടൊന്നുമല്ല എങ്കിലും ഇത് പറയാതെ പോകരുത് എന്ന് തോന്നിയത് കൊണ്ട് പറയുന്നതാണ്. 

സുരക്ഷിതമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുപോലെയല്ല ട്രോമാ ബോണ്ടിങ്ങിൽ ആയിരിക്കുന്ന അവസ്ഥയിൽ ഒരു വ്യക്തിയുടെ തലച്ചോറ് പ്രവർത്തിക്കുന്നത്. അതിഭയങ്കരമായ ഒരപകടത്തിൽ പെടുമ്പോൾ അതിന്റെ ആഘാതം കുറക്കാൻ നമ്മൾ  എങ്ങനെയൊക്കെയാണോ പെരുമാറുക ആ രീതിയിലാകും തലച്ചോർ ആ സമയങ്ങളിൽ പ്രവർത്തിക്കുക. (Survival Mode).  മനസിലുണ്ടായ പരിക്കുകൾ പരമാവധി കുറയ്ക്കുന്നതിനായി പല അതിജീവിതരും 'ഫ്രീസ്' (Freeze) (സ്തംഭിച്ചുപോവുക) അല്ലെങ്കിൽ 'ഫോൺ' (Fawn) (വിധേയരാവുക) എന്നീ രീതികളിലാണ് പ്രതികരിക്കുക;  അതായത് കൂടുതൽ അനുസരണയുള്ളവരാകുകയോ, നിശബ്ദരാകുകയോ അല്ലെങ്കിൽ വൈകാരികമായി ഒട്ടിനിൽക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു. മറ്റു ചില മനുഷ്യരാകട്ടെ, യാഥാർഥ്യത്തെ നിരാകരിക്കുക (Denial) ,  അല്ലെങ്കിൽ അവർക്കുണ്ടായ മാനസീകാഘാതത്തെ ലഘൂകരിക്കാൻ ശ്രമിക്കുക (Minimisation), യാഥാർത്ഥ്യത്തിൽ നിന്ന്  മനസ്സിനെ വിച്ഛേദിക്കുക (Dissociation), അല്ലെങ്കിൽ അങ്ങനെ സംഭവിച്ചത്തിനു എന്തെങ്കിലും തരത്തിലുള്ള  ന്യായീകരണം കണ്ടു പിടിക്കുക (Rationalisation) തുടങ്ങിയ മാനസീക പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു (Psychological defence mechanisms). ഇവയെല്ലാം ബോധപൂർവമായ തീരുമാനങ്ങളല്ല, മറിച്ച് സ്വയം സംരക്ഷിക്കാൻ നമ്മുടെ ശരീരം സ്വയമേവ ചെയ്യുന്ന കാര്യങ്ങളാണ്.

ആവർത്തിച്ചുള്ള പീഡനങ്ങൾ 'പഠിച്ചെടുത്ത നിസ്സഹായാവസ്ഥയിലേക്ക്' (Learned helplessness) കാലക്രമേണ,  ആ വ്യക്തിയെ നയിച്ചേക്കാം; അതായത്, രക്ഷപ്പെടാൻ അവസരങ്ങൾ ഉള്ളപ്പോൾ പോലും അത് അസാധ്യമാണെന്ന് ആ വ്യക്തിക്ക് തോന്നുന്ന അവസ്ഥ. ഇതിനോടൊപ്പം 'വൈരുദ്ധ്യാത്മക ചിന്തകൾ' (Cognitive dissonance) കൂടി ചേരുമ്പോൾ; അതായത് "എന്നെ വേദനിപ്പിക്കുന്ന വ്യക്തി തന്നെയാണ് എനിക്ക് താങ്ങാവേണ്ടവനും" എന്ന തോന്നൽ; അവിടെ തുടരുന്നതിനേക്കാൾ ഭയപ്പെടുത്തുന്ന ഒന്നായി അവിടുന്ന് ഇറങ്ങിപ്പോകുന്നത് മാറ്റിയേക്കാം.

ഇത്തരത്തിലുള്ള പല ബന്ധങ്ങളിലും, പീഡിപ്പിക്കുന്ന വ്യക്തി 'നാർസിസിസ്റ്റിക്' (Narcissistic) സ്വഭാവങ്ങൾ കാണിക്കാറുണ്ട്: ആദ്യം അതിശക്തമായ സ്നേഹപ്രകടനം (Idealisation), പിന്നീട് നിയന്ത്രണം, (Control) ഗ്യാസ്‌ലൈറ്റിംഗ് (Gaslighting), ഒറ്റപ്പെടുത്തൽ (Isolation), ഒടുവിൽ വിലകുറച്ചു കാണിക്കൽ (Devaluation). ഈ രീതി അതിജീവിതരെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കുകയും സ്വന്തം ചിന്തകളെപ്പോലും സംശയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പീഡനം വർദ്ധിക്കുമ്പോഴും അവർ വൈകാരികമായി ആ വ്യക്തിയെ കൂടുതൽ ആശ്രയിക്കേണ്ടതായി വരികയും ചെയ്യുന്നു. 

എന്തുകൊണ്ടാണ് പൊതുജനങ്ങൾക്ക് ഇതുപോലെയുള്ള അതിജീവിതരുടെ അവസ്ഥ മനസ്സിലാക്കാൻ ഇത്ര പ്രയാസം എന്നറിയാമോ? 

കാരണം, പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് അതിജീവനത്തിനായുള്ള ഇത്തരം മാനസിക പ്രതികരണങ്ങൾ (Trauma responses) യുക്തിസഹമായി തോന്നില്ല. അതിജീവിതർ എപ്പോഴും ശാന്തരായും യുക്തിപരമായും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നവരായി പെരുമാറണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. എന്നാൽ അവർക്ക് അതിന് കഴിയാതെ വരുമ്പോൾ, പൊതു ജനങ്ങളുടെ മനഃശാസ്ത്രപരമായ അറിവില്ലായ്മ മൂലം സമൂഹം ഇരകളെ തന്നെ കുറ്റപ്പെടുത്താൻ (Victim-blaming) തുടങ്ങുന്നു.

സംഭവം വ്യക്തമായി പറയാം; 

1. അതിജീവിതയുടെ പെരുമാറ്റം ഒന്നിനുമുള്ള സമ്മതമല്ല. (A survivor’s behaviour is "NOT CONSENT".)

2. അത് പീഡകനോടൊപ്പം അതെ കുറ്റകൃത്യത്തിൽ പങ്കുചേരലല്ല. 

3. അത് അവരുടെ ബലഹീനതയുമല്ല. 

നമ്മൾ മനസ്സിലാക്കേണ്ടത് അതിജീവിതരുടെ മാനസികാഘാതത്തോടുള്ള പ്രതികരണങ്ങൾ (Trauma responses) അവരുടെ ബോധപൂർവമായ തിരഞ്ഞെടുപ്പുകളല്ല; മറിച്ച് ഭയം, സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടാനുള്ള ശ്രമം, അധികാരത്തിലുള്ള അസമത്വം എന്നിവയാൽ രൂപപ്പെടുന്ന ശാരീരികമായ അതിജീവന പ്രതികരണങ്ങളാണ്.  

സത്യസന്ധമായി നീതി നടപ്പാക്കണം എന്ന്  നമുക്ക് ആത്മാർത്ഥമായ താൽപ്പര്യമുണ്ടെങ്കിൽ, നമ്മൾ മറ്റുള്ളവരെ വിധിക്കുന്നത് നിർത്തി മനഃശാസ്ത്രപരമായ അവബോധം വളർത്തണം. രോഷത്തിന് പകരം ദയയോടു കൂടിയുള്ള ആത്മസംയമനം ശീലിക്കണം. ക്രൂരമായ ആക്രമണത്തിനിരയായ ഒരാളുടെ നിശബ്ദതയോ, ആശയക്കുഴപ്പമോ, പീഢകനിൽ നിന്ന് വൈകാരികമായി രക്ഷ പെടാൻ കഴിയാതെ ഇരിക്കലോ   അല്ലെങ്കിൽ ആ വ്യക്തിയുമായുള്ള തുടർച്ചയായ സമ്പർക്കമോ സമ്മതത്തിന്റെ ലക്ഷണങ്ങളല്ല; അവയെല്ലാം കഠിനമായ മാനസികാഘാതത്തിന്റെ (Trauma) അടയാളങ്ങളാണ്.

തനിക്ക്  സംഭവിച്ച ക്രൂരത വെളിവാക്കുന്ന അതിജീവിതർക്ക്  അന്തസോടെയും  സുരക്ഷിതത്വത്തോടെയും ജീവിക്കാൻ വേണ്ടി സഹാനുഭൂതിയോടെ അവരോട് പെരുമാറാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. നീതിയുടെ രാഷ്ട്രീയം എന്നത് അടിച്ചമർത്തപ്പെട്ടവരുടെ, അതിജീവിതരുടെ  ഭാഗത്ത്  നിൽക്കുക എന്നതാണ്. സ്വയമേറ്റ കൊടിയ അപമാനം ആക്രമണം ഒക്കെ പുറത്തു പറയുന്ന, നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീകളോട് ഇന്നീ സമൂഹത്തിലെ ഒരു വിഭാഗം കാണിച്ചു കൂട്ടുന്ന ആക്രമണങ്ങൾക്കെതിരെ മനസാക്ഷിയുള്ളവരെല്ലാം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും. അവർക്കൊപ്പം തന്നെ  അചഞ്ചലം "–  ഹേന വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Understanding trauma bonding and psychological defense mechanisms is crucial when discussing sexual abuse cases like the Suryanelli case and dowry deaths. This article addresses the societal tendency to blame victims and highlights the complex psychological responses survivors exhibit, emphasizing that their actions are not consent.