കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശത്തോടെയാണ് അധ്യാപികയായ സിന്ധുവിനെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ്റെ വിശദീകരണം. സംഭവത്തിൽ അധ്യാപിക പൊലീസിൽ പരാതി നൽകി.

രാവിലെ എട്ടേ മുക്കാലോടെയാണ് നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയായ സിന്ധു എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ വിചിത്രമായ മറുപടി. 

കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഓഫീസ് റൂമിൽ എത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. 

സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നാണ് പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ നിന്ന് പൊലിസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reports a primary teacher in Kollam was denied entry into the school premises for wearing a churidar. The incident occurred at Neduvathur Eswaravilasam Higher Secondary School in Kottarakkara, where the principal was reportedly stopped by a security guard following instructions from the school manager.