ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ രൂക്ഷമായി പ്രതികരിച്ച് മരിച്ച പെണ്‍കുട്ടിയുടെ അമ്മ. ഗോവിന്ദച്ചാമിക്ക് ജയിലിൽ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് അവർ ആരോപിച്ചു. "പുറത്തിറങ്ങിയാൽ ഇതിലും വലിയ കുറ്റകൃത്യം ചെയ്യും," സൗമ്യയുടെ അമ്മ ആശങ്ക പ്രകടിപ്പിച്ചു. "തൂക്കിക്കൊന്നെങ്കിൽ ഇന്നിത് സംഭവിക്കില്ലായിരുന്നു," എന്ന് വിതുമ്പലോടെ അവർ പറഞ്ഞു. "അവൻ ചാകാൻ അർഹതപ്പെട്ടവനാണ്. എന്റെ മകളെപ്പോലെ എത്ര പേരാണ് ഇങ്ങനെ ചെയ്തത്. ഇയാൾ ഒരുകാലത്തും നന്നാവില്ല," സൗമ്യയുടെ അമ്മ കൂട്ടിച്ചേർത്തു. ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ വ്യക്തമാക്കി. Read More: പരിശോധിച്ചത് മതിലിനരികെ തുണി കണ്ടപ്പോള്‍; ജയില്‍ചാടിയത് അറിഞ്ഞത് 6 മണിക്കൂര്‍ വൈകി
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽവെച്ചാണ് 23 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാകുന്നത്. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമി ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. പിന്നീട് സുപ്രീംകോടതി കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമിയുടെ യഥാർത്ഥ പേര് ചാർളി തോമസ് എന്നാണ്. Read More: സെൽ തുറന്നപ്പോള്‍ ഗോവിന്ദചാമിയില്ല! ചാടിയതിങ്ങനെ...
ഗോവിന്ദച്ചാമി സെൽ കമ്പികൾ മുറിച്ച്, വസ്ത്രങ്ങൾ ഉപയോഗിച്ച് മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഗോവിന്ദച്ചാമി ജയിൽവേഷത്തിൽ തന്നെയാണ് രക്ഷപ്പെട്ടത്. അതീവ സുരക്ഷാ ബ്ലോക്കിൽ പാർപ്പിച്ചിരുന്ന പ്രതിയാണ് ഇത്തരത്തിൽ ജയിൽ ചാടിയതെന്നത് സുരക്ഷാ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സെൻട്രൽ ജയിലിൽ നിന്ന് ഒരാൾക്ക് തനിയെ ചാടാൻ കഴിയില്ലെന്നും, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും അധികൃതർ സൂചിപ്പിക്കുന്നു. ഗോവിന്ദച്ചാമിയെ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിക്കാനുള്ള ഫോൺ നമ്പർ പൊലീസ് പുറത്തുവിട്ടു: 94468 99506.