സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കും 6 മണിക്കും ഇടയിലായിരുന്നു ഗോവിന്ദച്ചാമി ജയില്‍ചാടിയത്. കൊലക്കെസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേയാണ് ജയില്‍ച്ചാട്ടം. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോളാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയ കാര്യം പൊലീസ് തിരിച്ചറിഞ്ഞത്. അതീവ സുരക്ഷാ ബ്ലോക്കില്‍ പാർപ്പിച്ചിരുന്ന കൊലക്കേസ് പ്രതി ജയില്‍ചാടിയത് സംസ്ഥാനത്തെ ജയിലുകളെ കുറിച്ചുള്ള സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
സെല്ലിന്‍റെ ഇരുമ്പ് കമ്പികള്‍ മുറിച്ചോ വളച്ചുമാറ്റിയോ ആണ് പ്രതി ജയില്‍ ചാടിയിരിക്കുന്നത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സെല്ലില്‍ നിന്നു പുറത്തുചാടിയ ശേഷം ബ്ലോക്കുകളിലൂടെ നടന്നുപോയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. തുണി ഉപയോഗിച്ച് വടമുണ്ടാക്കിയാണ് ഉയരത്തിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ വലിയ മതില്‍ ഇയാള്‍ ചാടി കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മതിലിനരികെ തുണി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ജയില്‍വേഷത്തില്‍ തന്നെയാണ് ഗോവിന്ദച്ചാമി രക്ഷപെട്ടത്. പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയമുണ്ട്. 6 മണിക്കൂര്‍ വൈകിയാണ് ജയില്‍ അധികൃതര്‍പോലും വിവരമറിഞ്ഞത്. നേരത്തെ തന്നെ കൃത്യമായ പദ്ധതി തയ്യാറാക്കിയായിരിക്കാം പ്രതി രക്ഷപ്പെട്ടതെന്നും കരുതുന്നു.
നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് കണ്ണൂർ സെൻട്രൽ ജയില്‍. കവാടത്തിൽ നിന്ന് പുറത്തേക്ക് വന്നു കഴിഞ്ഞാൽ നേരെ മുൻപിൽ ദേശീയപാതയാണ്. കണ്ണൂർ ടൗൺലേക്കും കോഴിക്കോട്– കാസർകോട് ഭാഗത്തേക്കും പോകാൻ ഈ ദേശീയപാതയാണ് ഉപയോഗിക്കുന്നത്. അങ്ങിനെയെങ്കില്‍ കണ്ണൂരും കാസർഗോഡും കടന്നു കർണാടകയിലേക്ക് പോകാം ചിലപ്പോ തമിഴ്നാട്ടിലേക്കും കടക്കാൻ പറ്റും. ജയില്‍ചാടിയ ഗോവിന്ദച്ചാമിക്ക് മുന്‍പില്‍ രക്ഷപ്പെടാന്‍ ഈ മാര്‍ഗം മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് കരുതുന്നത്. ദേശീയപാത ഒഴിച്ചുനോക്കിയാല്‍ ജയില് കോമ്പൗണ്ടിനോട് ചേർന്ന മറ്റ് പ്രദേശങ്ങൾ എല്ലാം തന്നെ ജയിലുമായി ബന്ധപ്പെട്ട ഭൂമികളാണ്. അത്തരം സ്ഥലങ്ങളിലേക്ക് ഇയാള്‍ പോകാൻ സാധ്യത കുറവാണെന്നാണ് അനുമാനം. ജയിൽ ചാടിയാല്‍ മുൻ വശത്തു കൂടി പോകാനും സാധ്യത കുറവാണ് കാരണം മുൻവശത്ത് ഏതുസമയത്തും പൊലീസ് കാവലുണ്ട്.
അതേസമയം, ഗോവിന്ദച്ചാമിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ജയില്‍ചാട്ടം. ഗോവിന്ദച്ചാമിയെ കണ്ടാല്‍ 9446899506 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കാം. ഗോവിന്ദച്ചാമിയുടെ പുതിയ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. റയില്‍വേ, ബസ് സ്റ്റാന്‍ഡുകളില്‍ പരിശോധന തുടരുകയാണ്. തമിഴ്നാട്, കര്‍ണാടക പൊലീസിനും വിവരം കൈമാറിയിട്ടുണ്ട്.