കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ പദ്ധതികള്‍ അറിയാമെന്ന് സമ്മതിച്ച് സഹതടവുകാരന്‍റെ മൊഴി. തടവ് ചാടാന്‍ തീരുമാനിച്ചത് അറിയാമായിരുന്നു ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും ഇയാള്‍ മൊഴി നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലാണ് ഗോവിന്ദചാമിയെയും തമിഴ്നാട് സ്വദേശിയായ മറ്റൊരു പ്രതിയെയും താമസിപ്പിച്ചിരിക്കുന്നത്.
Also Read: ദിവസവും ബിരിയാണി വേണം, ഉദ്യോഗസ്ഥർക്ക് സ്ഥിരം തലവേദന; ജീവനക്കാർക്കെതിരെ വിസർജ്യമെറിഞ്ഞ ഗോവിന്ദചാമി
ഗോവിന്ദചാമിക്കൊപ്പം ജയില്‍ചാടാന്‍ സഹതടവുകാരനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്തുചാടാന്‍ കഴിഞ്ഞില്ലെന്നാണ് മൊഴി. സെല്ലിന്‍റെ രണ്ട് കമ്പികള്‍ മുറിച്ചെടുത്താണ് ഗോവിന്ദചാമി പുറത്തുകടന്നത്. മെലിയാനായി ചോര്‍ ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ച് ആഴ്ചകള്‍ നീണ്ട ആസൂത്രമണമാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്.
മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഇരുമ്പഴികള്‍ മുറിച്ചെടുത്തെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ സംഘടിപ്പിച്ചു എന്നതാണ് ചോദ്യം. ജയിലിലെ പുതപ്പ് ചുരുട്ടി കയറിനൊപ്പം കൂട്ടിക്കെട്ടി വടം തയ്യാറാക്കി മതിലിന് മുകളിലെ കമ്പിയില്‍ കുരുക്കിയാണ് ഗോവിന്ദചാമി പുറത്തുകടന്നത്. മൂന്ന് ഇരുമ്പ് വീപ്പകള്‍ അടുക്കിവച്ച് അതിന് മുകളില്‍ കയറി ജയിലിന്റെ തെക്കുഭാഗത്തെ മതിലിലൂടെ ഊര്‍ന്നിറങ്ങിയാണ് പുറത്തേക്ക് എത്തിയത്. ജയില്‍വസ്ത്രം മാറി കറുത്തപാന്റും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ പിന്നീട് കണ്ണൂര്‍ നഗര ഭാഗത്തേക്ക് എത്തിയത്.
കണ്ണൂര്‍ തളാപ്പിലെ വീട്ടിലെ കിണറ്റില്‍ നിന്ന് ടിവി ക്യാമറയ്ക്ക് മുന്നിലാണ് ഗോവിന്ദചാമി പൊലീസിന്‍റെ പിടിയിലാകുന്നത്. പൊലീസിനെ വിവരമറിയിച്ചത് ഓട്ടോ ഡ്രൈവറാണ്. രാവിലെ 6.30ന് വിവരം ലഭിച്ചതിന് ശേഷം മൂന്നരമണിക്കൂര്‍ കൊണ്ട് പൊലീസ് ഗോവിന്ദചാമിയെ വലയിലാക്കി. അറസ്റ്റിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലാണ് ആദ്യമെത്തിച്ചത്. ഗോവിന്ദചാമിയെ സെന്‍ട്രല്‍ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം കണ്ണൂരിലേക്കോ വിയ്യൂരിലേക്കോ മാറ്റാനാണ് സാധ്യത.