govindachami-arrest-police

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി നാടിനെ മുൾമുനയിൽ നിർത്തിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കൃത്യം മൂന്നര മണിക്കൂറിനകം പിടികൂടാൻ പൊലീസിന് സാധിച്ചു. മാധ്യമങ്ങൾക്കു മുന്നിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഗോവിന്ദച്ചാമിയെ പിന്നീട് പൊലീസ് ട്രെയിനിങ് സെന്‍ററിലേക്ക് മാറ്റി. പുലർച്ചെയുണ്ടായ ജയിൽചാട്ടത്തിനു പിന്നാലെ അതീവ ജാഗ്രതയോടെ പ്രവർത്തിച്ച പൊലീസിനും വിവരങ്ങൾ നൽകി സഹകരിച്ച നാട്ടുകാർക്കും അഭിനന്ദന പ്രവാഹമാണ്.

Read more at: ‘ഒരു കൈ ഇല്ലായിരുന്നു; ആളുകള്‍ കൂടിയപ്പോള്‍ മതില്‍ ചാടി ഓടി’; ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍

രാവിലെ 6.30-ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം ലഭിച്ചത്.  പൊലീസ് ജാഗ്രതയോടെയാണ് പ്രവർത്തിച്ചതെന്നും  ജനങ്ങൾ വാച്ച്മാൻമാരായി പ്രവർത്തിച്ചത് നിർണ്ണായകമായെന്നും കമ്മിഷണര്‍ പറഞ്ഞു. വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകിയത് നാലുപേരാണെന്നും പ്രതിയെ പിടികൂടാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പികെ രവി IPS പ്രശംസിച്ചു. ഗോവിന്ദച്ചാമിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

Read more at: കിണര്‍ സുരക്ഷിതമെന്ന് കരുതി ഒളിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പൊക്കി

ഗോവിന്ദച്ചാമിയെ രാവിലെ 9 മണിയോടെ നഗരത്തിൽ കണ്ടത് ഒരു ഓട്ടോ ഡ്രൈവറാണ്. ഇയാളാണ് പൊലീസിന് ആദ്യം വിവരമറിയിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സംഘം തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെത്തിയത്. അതേസമയം, ഗോവിന്ദച്ചാമിക്ക് ജയിലിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇനിയെങ്കിലും ഇയാൾക്ക് തൂക്കുകയർ നൽകണമെന്നും സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. ഗോവിന്ദച്ചാമിയെ പിടികൂടിയ പൊലീസുകാർക്കും നാട്ടുകാര്‍ക്കും സൗമ്യയുടെ അമ്മ നന്ദി അറിയിച്ചു.

govinda-srrest-commissioner

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു കൈ ഇല്ലെന്നത് ഗോവിന്ദച്ചാമിക്ക് ഒരു ബലഹീനതയല്ലെന്ന് ഗോവിന്ദച്ചാമിയെ ആദ്യം പിടികൂടിയ സംഘത്തിന് നേതൃത്വം നൽകിയ ഡോ. ബി. സന്ധ്യയും പ്രതികരിച്ചു.

ENGLISH SUMMARY:

Notorious criminal Govindachami, who escaped from Kannur Central Jail, was apprehended within three and a half hours. He was found hiding in a well at an abandoned house in Talap, Kannur. The police, acting on information received around 6:30 AM, swiftly located and captured him, crediting public cooperation. Kannur City Police Commissioner PK Ravi IPS praised the immediate public involvement and police vigilance. Soumya's mother expressed relief and thanked the police, demanding capital punishment for Govindachami and alleging external assistance in his escape. The Jail DGP, Balram Kumar Upadhyay, admitted to a lapse by jail authorities and promised an investigation. Dr. B Sandhya, who led the initial arrest team, noted that Govindachami's missing hand was not a disadvantage to him.