ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ രാവിലെ 9 മണിയോടെ കണ്ടിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി. ഒരു ഓട്ടോ ഡ്രൈവറാണ് ഇയാളെ ആദ്യം കണ്ടത്. 'ഒരു കൈ ഇല്ലായിരുന്നു, അത് ഒളിച്ചുവച്ചിരുന്നു. വെള്ള ഷർട്ടാണ് ധരിച്ചിരുന്നത്' എന്നും 'ആളുകൾ കൂടിയപ്പോൾ മതിൽ ചാടി ഓടി' എന്നും നാട്ടുകാർ പറയുന്നു. ഓടിയ ഭാഗത്ത് കുറ്റിക്കാടും അടച്ചിട്ട ആശുപത്രിയുമുണ്ടെന്നും മൊഴിയിലുണ്ട്. ഈ സ്ഥലം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാറിയാണ് ഓടിയ ഭാഗത്ത് ഇടതൂർന്ന കാടുപോലെയാണ്. നിർമ്മാണം നടക്കുന്ന ഒരു വീടിനോട് ചേർന്നുള്ള പ്രദേശത്താണ് ഇയാൾ ഒളിച്ചിരിക്കാൻ സാധ്യതയെന്നും നാട്ടുകാർ പറഞ്ഞു.
ഇന്ന് പുലർച്ചെ ഒരു മണിക്കും ഒന്നേകാലിനും ഇടയിലാണ് ജയില്‍ ചാടിയതെന്നാണ് പ്രാഥമിക വിവരം. ജയിൽ അധികൃതർ വിവരം സ്ഥിരീകരിച്ചു. ജയിൽചാട്ടം നടന്നത് പുലർച്ചെ ഒരു മണിക്കുശേഷമാണെങ്കിലും, ഈ വിവരം ജയിൽ അധികൃതർ അറിഞ്ഞത് ആറ് മണിക്കൂറോളം വൈകിയാണ്. ജയിലിലെ രാത്രിയിലെ പരിശോധന പ്രഹസനമായിരുന്നുവോ എന്ന സംശയമുയർത്തുന്നതാണ് ഈ കാലതാമസം. മതിലിനരികിൽ തുണി കണ്ടപ്പോഴാണ് ജയിൽചാട്ടം നടന്നതായി കണ്ടെത്തിയത്. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് ഈ തുണി കണ്ടത്. രാവിലെ സെൽ തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
Read more at: ജയില്‍ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന; സ്ഥിരീകരിക്കാതെ പൊലീസ്
ഗോവിന്ദച്ചാമി സെൽ കമ്പികൾ മുറിച്ച്, വസ്ത്രങ്ങൾ ഉപയോഗിച്ച് മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഗോവിന്ദച്ചാമിയെ അതീവ സുരക്ഷാ ബ്ലോക്കിലാണ് പാർപ്പിച്ചിരുന്നത്. ജയിൽവേഷത്തിലല്ല, കറുത്ത പാന്റ്സും ഷർട്ടും ധരിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സെൻട്രൽ ജയിലിൽ നിന്ന് ഒരാൾക്ക് തനിയെ ചാടാൻ കഴിയില്ലെന്നും, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും അധികൃതർ സൂചിപ്പിക്കുന്നു.