vs-funeral

വിപ്ലവ കേരളത്തിന്റെ വിശ്രമമറിയാത്ത വലിയ സഖാവ് പുന്നപ്ര വയലാറിന്റെ ആകാശത്ത് അനശ്വര രക്തതാരകമായി. രാഷ്ട്രീയത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ പി. കൃഷ്ണപിള്ളയുടെ ഓർമകളുറങ്ങുന്ന മണ്ണിൽ ജനനായകൻ ജ്വലിക്കുന്ന ഓർമയായി എരിഞ്ഞു ചേർന്നു. ചങ്കുപൊളിയുന്ന വേദനയോടെ ജനസാഗരം ചെങ്കൊടി വീശീ, കണ്ണും കരളുമായവനോട് അവസാനമായി ലാൽ സലാം പറഞ്ഞു.

യുഗാന്ത്യം. മകൻ വി.എ അരുൺ മാറിന്റെ ഇടറുന്ന കൈകളിൽ നിന്ന് ചിതയിലേയ്ക്ക് പടർന്നു കയറിയ തീ. പതിനായിരങ്ങളുടെ നെഞ്ചിലെ തീയായി പടർന്നു കയറി. അവരുടെ കണ്ഠമിടറി.

ഒരു നൂറ്റാണ്ടും പിന്നെ ഒന്നര ആണ്ടും പിന്നിട്ട സാർഥകമായ സമരജീവിതത്തിന് അർദ്ധ വിമാരം. രാഷ്ട്രീയ കേരളത്തിന്റെ നൈതിക ബോധത്തിന്റെ ഇനീഷ്യലായി മാറിയ വി.എസ് ഇനി മലയാളിയുള്ളിടത്തോളം കാലം മായാതെ നിൽകും. എട്ടുമണിവരെ നീണ്ട ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷമാണ് ഭൗതിക ശരീരം ഒൻപതുമണിയോടെ വലിയ ചുടുകാട്ടിലെത്തിച്ചത്. കർക്കിടമഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു. കണ്ണുകളും. തലമുറകൾക്ക് വേണ്ടി ചേര നനഞ്ഞവന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ അവർ മഴഞ്ഞ നനഞ്ഞ് കടപ്പാടുകാട്ടി. ആൾക്കൂട്ടത്തെ കാന്തംപോലെ ആകർഷിച്ച നേതാവ് അന്ത്യയാത്രയിലും പതിവ് തെറ്റിച്ചില്ല. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ നേതാക്കൾ മൃതദേഹം ഏറ്റുവാങ്ങി. പിന്നാലെ നാടിന്റെ ആദരം.

മകൻ അരുൺ കുമാറിന്റെ അന്ത്യാഭിവാദ്യം. T.V തോമസും P.T പുന്നൂസും അടക്കം ഒരുകാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നവർക്കൊപ്പം  നിത്യനിദ്ര. നിസ്വരായ മനുഷ്യരുടെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്ന രണ്ടക്ഷരം. വി.എസ്. ഇനിയില്ല. വനങ്ങൾ വെട്ടിവെളിപ്പിക്കപ്പെടുമ്പോൾ. കുന്നുകൾ ഇടിച്ച് നിരത്തപ്പെടുമ്പോൾ. പെൺജീവിതങ്ങൾ പോരാട്ട വഴി തേടുമ്പോൾ. പാവപ്പെട്ടവർ കുടിയിറക്കപ്പെടുമ്പോൾ. വന്ദ്യവയോദികനായ ഒരു മനുഷ്യനുവേണ്ടി ഭൂമി മലയാളം ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കും. പോരാട്ടങ്ങളുടെ തലനരയ്ക്കാത്ത യൗവനമേ നന്ദി.

ENGLISH SUMMARY:

The tireless comrade of revolutionary Kerala becomes an eternal red star in the skies of Punnapra-Vayalar. In the land that remembers P. Krishna Pillai, people bid a tearful farewell with fluttering red flags and heartfelt “Lal Salaam.”