സൂര്യന്‍റെ സഞ്ചാരപഥം പോലെയായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജീവിതം. ഉദിച്ചുയര്‍ന്ന് മധ്യാഹ്നത്തില്‍ ജ്വലിച്ച് സയാഹ്നത്തിലേക്ക് ക്രമേണ നീങ്ങി അസ്തമിച്ചു ആ ജീവിതം. പാര്‍ട്ടി നേരത്തെ വിധിച്ച വിശ്രമജീവിതം നിശ്ചദാര്‍ഢ്യമൊന്നുകൊണ്ടുമാത്രം വൈകിപ്പിച്ച പോരാളികൂടിയാണ് വി.എസ്.
വി.എസ് അച്യുതാനന്ദന്റെ അസ്തമയയാത്ര ഇവിടെ തുടങ്ങുന്നു. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയെ ആരോഗ്യം അനുവദിക്കുന്നതുവരെ പാര്‍ട്ടി അധികാരസ്ഥാനത്ത് നിലനിര്‍ത്തിയെങ്കില്‍ ഇവിടെ, സമ്പൂര്‍ണാരോഗ്യവാനായിരിക്കെത്തന്നെ സി.പി.ഐ.(എം) രൂപീകരിച്ച 32 പേരില്‍ ഒരാളായ വി.എസ്സിനെ,,,, വിശ്രമത്തിലേക്ക് വിട്ടുവെന്ന വ്യത്യാസം മാത്രം. പത്തുകൊല്ലം മുമ്പ് 2006ല്‍ തന്നെ വി.എസ്സിന് വിശ്രമമാകാം എന്ന് പാര്‍ട്ടി വിധിച്ചിരുന്നു. അതുകൊണ്ടാണല്ലോ അന്നത്തെ തിരഞ്ഞെടുപ്പില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ മല്‍സരിക്കേണ്ടതില്ലെന്ന് അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചത്. ജനശക്തിയൂടെ കരുത്തിലാണല്ലോ വി.എസ് മല്‍സരിച്ചതും മുഖ്യമന്ത്രിയായതും അഞ്ചുകൊല്ലം നാട് ഭരിച്ചതും. എന്നാല്‍ 2016 ല്‍ പാര്‍ട്ടി തീരുമാനം മാറ്റാനുള്ള അവസ്ഥയിലായിരുന്നില്ല വി.എസ്. എന്തായാലും കേരള ഫിദല്‍ കാസ്ട്രോ നിയമസഭയിലെ ഒരംഗമായി പോരാട്ടം തുടരുകതന്നെ ചെയ്തു. സ്വന്തം മണ്ഡലമായ മലമ്പുഴയ്ക്ക് വേണ്ടി നിരവധി തവണ സഭയുടെ ശ്രദ്ധക്ഷണിച്ചു.
ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചതോടെ തലസ്ഥാനത്ത് വി.എസ്സിന് വീണ്ടും ഔദ്യോഗിക വസതിയായി.പതിറ്റാണ്ടുകള്‍ ക്ലിഫ് ഹൗസിലും കന്റോണ്‍മെന്റ് ഹൗസിലും ചെലവിട്ട വി.എസ് അങ്ങനെ രാജ്ഭവന് സമീപത്ത് കവടിയാറിലെ വസതിയിലേക്ക് മാറി. ഭരണപരിഷ്കാര കമ്മിഷന്റെ യോഗങ്ങള്‍ പലതവണ ഇവിടെ ചേര്‍ന്നു. പതിമൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുംമുമ്പ് വി.എസ്. ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷപദം ഒഴിഞ്ഞു. തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വസതിലായി താമസം. പ്രഭാത നടത്തം, യോഗ തുടങ്ങിയ പതിവ് ദിനചര്യകള്‍ക്കും മാറ്റം വന്നു.പൊതുപരിപാടികള്‍ ഒഴിവാക്കി. കോവിഡ് വ്യാപനം മറ്റൊരുകാരണം. എങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം സംവദിച്ചു. 2021 ഒക്ടോബര്‍ 25 ന് മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇത് . 2006 ഫെബ്രുവരിയില്‍ ഞാന്‍ പ്രതിപക്ഷനേതാവായിരിക്കെ നല്‍കിയ പത്രക്കുറിപ്പും അതേവര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും പുനപ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു കുറിപ്പ്. ഒക്ടോബര്‍ 20ന് വി.എസ് തൊണ്ണൂറ്റെട്ടാം പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെയാണ് കണ്ടത്. കഴിഞ്ഞ കുറെക്കാലമായി ഇതാണ് പതിവ്. 2010ല്‍ വി.എസ്. മുഖ്യമന്ത്രിയായിരിക്കെ ഇതുപോലൊരു ഒക്ടോബര്‍ 20 ന് ക്ലിഫ് ഹൗസിലായിരുന്നു പിറന്നാളാഘോഷം. സദ്യയെല്ലാമുണ്ടശേഷം വി.എസ് മുന്നിലിരുന്നു. അന്നൊരു കുസൃതിചോദ്യം മുന്നിലിട്ടു. അടുത്ത പിറന്നാളാഘോഷവും ക്ലിഫ് ഹൗസില്‍ തന്നെയായിരക്കുമോയെന്ന്...? അടുത്ത തിരഞ്ഞെപ്പില്‍ വി.എസ് മല്‍സരിക്കുമോ? ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമോ? ഇടതുമുന്നണി തിരിച്ചുവരുമെന്ന ഉറപ്പുണ്ടോ ? ഇതൊക്കെ ആ ചോദ്യത്തില്‍ മറഞ്ഞിരിക്കുന്നുവെന്ന് ഞൊടിയിടയില്‍ വി.എസ് മനസിലാക്കി. ഉത്തരവും വന്നു. ഇല്ലല്ലോ... ഇനിയിപ്പോള്‍ തിരഞ്ഞെടുപ്പുവരണം, പാര്‍ട്ടിജയിക്കണം, മുഖ്യമന്ത്രിയെ തീരുമാനിക്കണം എന്നൊക്കെയായിരുന്നു മറുപടി. വി.എസ് അങ്ങനെ പറഞ്ഞെങ്കിലും അടുത്തപിറന്നാളും ക്ലിഫ് ഹൗസില്‍ ആഘോഷിക്കാമായിരുന്നു. ഭരണത്തുടര്‍ച്ചയുടെ ചരിത്രനേട്ടവും ഈ ജനനായകന് അര്‍ഹതപ്പെടുമായിരുന്നു. പാര്‍ട്ടികൂടി അപ്രകാരം വിചാരിച്ചിരുന്നെങ്കില്‍.