ആലുവ പാലസിലെ നൂറ്റി ഏഴാം നമ്പർ മുറി. തലസ്ഥാനത്തെ വീട് വിട്ട് വിഎസ് ഏറ്റവും അധികം താമസിച്ചത് ഒരുപക്ഷേ ഇവിടെയായിരിക്കും.വിഎസിന്റെ പ്രഭാതം നടത്തം മുതൽ ഭക്ഷണശീലം വരെ പാലസിൽ ഉള്ളവർക്ക് കാണാപ്പാഠം.
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കൂടെക്കൂടെ ആലുവ പാലസിൽ എത്തിയിട്ടുണ്ട് വിഎസ്. താമസം എപ്പോഴും 107 മുറിയിൽ.പെരിയാറിലേക്ക് തുറക്കുന്ന ഈ മുറിയോടുള്ള വിഎസിന്റെ പ്രിയം മനസ്സിലാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മുറി ഒഴിഞ്ഞു കൊടുത്തിട്ടുണ്ടത്രെ.
പാലസിലെത്തിയാൽ വിഎസിന്‍റെ ഒരു ദിവസം തുടങ്ങുന്നത്, മാവില ഉപയോഗിച്ചുള്ള പല്ലുതേപ്പിലാണ്.വിഎസ് വരുന്നുണ്ടെന്ന് അറിഞ്ഞാൽ മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ചു വയ്ക്കും. എരിവും പുളിയും ഇല്ലാത്ത ഭക്ഷണവും വിഎസിനായി അടുക്കളയിൽ വേവുന്നുണ്ടാകും.പപ്പായ ഏറെ ഇഷ്ടപ്പെടുന്ന വിഎസിനായി മാത്രം നട്ടു വളർത്തിയ പപ്പായ ചെടികൾ ഉണ്ടായിരുന്നു പാലസിൽ.
പാലസിലെ ജീവനക്കാരോടും ഹൃദ്യമായ പെരുമാറ്റം. തനതു ശൈലിയിൽ നർമ്മങ്ങൾ പറയും.107 ആം നമ്പർ മുറിയിൽ ഇപ്പോൾ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അടുത്തവർഷം അതിഥികൾക്കായി മുറി തുറന്നു കൊടുക്കും.