TOPICS COVERED

  • നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദം
  • ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് കെ.എ പോള്‍
  • വ്യാജമെന്ന് സാമുവല്‍ ജെറോം

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദവുമായി സുവിശേഷകന്‍ ഡോ. കെ.എ പോള്‍. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശക്തമായ ശ്രമത്തിനൊടുവില്‍ വധശിക്ഷ റദ്ദാക്കിയെന്നാണ് അവകാശവാദം. യെമന്‍ നേതാക്കളുടെ പരിശ്രമപൂര്‍വവും പ്രാര്‍ഥനാപൂര്‍വുമായ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതായി കെ.എ പോള്‍ എക്സില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. 

Also Read: 'ഞങ്ങളുടെ ചോര വച്ച് കച്ചവടം, വധശിക്ഷ അംഗീകരിച്ചപ്പോള്‍ സാമുവല്‍ ജെറോം അഭിനന്ദിച്ചു'; തലാലിന്‍റെ സഹോദരന്‍

'കഴിഞ്ഞ പത്ത് ദിവസമായി നേതാക്കൾ രാവും പകലും 24 മണിക്കൂറും പ്രവർത്തിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ വധശിക്ഷ റദ്ദാക്കാന്‍ പരിശ്രമിച്ച എല്ലാ നേതാക്കളോടും നന്ദി പറയുന്നു. ദൈവകൃപയാല്‍  നിമിഷപ്രിയയെ മോചിപ്പിക്കുമെന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. നയതന്ത്രജ്ഞരെ അയയ്ക്കാനും നിമിഷയെ സുരക്ഷിതക്കാനും തയ്യാറായതിന് പ്രധാനമന്ത്രി മോദി ജിയോട് നന്ദി പറയുന്നു' എന്നിങ്ങനെയാണ് വിഡിയോയില്‍ പറയുന്നത്. 

വിശ്വാസത്തോടെ സനയില്‍ തുടര്‍ന്നതിന് അമ്മയോടും പോള്‍ നന്ദി പറയുന്നുണ്ട്. സനാ ജയിലിൽ നിന്ന് ഒമാൻ, ജിദ്ദ, ഈജിപ്ത്, ഇറാൻ അല്ലെങ്കിൽ തുർക്കിയിലെ സുരക്ഷിതിടത്തേക്ക് എത്തിക്കാന്‍ ഇന്ത്യാ സർക്കാരുമായി ചേർന്ന് ക്രമീകരണം നടത്താമെന്നും വിഡിയോയിലുണ്ട്. യെമന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിഡിയോ പങ്കുവച്ചത്. 

അതേസമയം, പോളിന്‍റെ അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും വ്യാജവുമാണെന്ന് സാമുവല്‍ ജെറോം പറഞ്ഞു. വിഷയത്തില്‍ നേരിട്ട് ഇടപെട്ടവര്‍ക്ക് യെമന്റെ ആചാരങ്ങളെക്കുറിച്ച് നന്നായി അറിയാം. സഹോദരൻ തല്ലാലിന്റെ രക്തത്തോട് അവർക്ക് വേണ്ടത്ര ബഹുമാനവുമുണ്ട്. അബ്ദുൾ ഫത്താഹിന്റെ കുടുംബത്തെ അപമാനിക്കുന്ന ഒരു പ്രവൃത്തിയും അവർ ചെയ്യില്ലെന്നും സാമുവല്‍ ജെറോം ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഈ ആളുകളുടെ പ്രവൃത്തി നല്ലതിനേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നതെന്നും സാമുവല്‍ ജെറോം കുറിച്ചു. 

Also Read: മധ്യസ്ഥത വഹിച്ചതായി വിവരമില്ല; നിമിഷപ്രിയ കേസില്‍ കാന്തപുരത്തെ തള്ളി കേന്ദ്രം

ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. സര്‍ക്കാര്‍ തലത്തിലെ ഇടപെടലിനൊപ്പം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു. 

ENGLISH SUMMARY:

Evangelist Dr. K.A. Paul claims Malayali nurse Nimisha Priya's Yemen death sentence revoked, sparking controversy. Samuel Jerome refutes claims. Learn about the diplomatic efforts and ongoing case.