ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായ കായംകുളം സ്വദേശി വീട്ടിലെത്തി. യമനിൽ ആറുമാസം ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ സൈനികൻ കൂടിയായ കായംകുളം പത്തിയൂർക്കാല ആർ. അനിൽകുമാർ ഉറ്റവരുടെ സ്നേഹക്കൂട്ടിലേക്കെത്തിയത്. അനിൽ കുമാറിന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കെല്ലാം നന്ദിയർപ്പിക്കുകയാണ് ഭാര്യ ശ്രീജയും മക്കളായ അനഘയും അനുജും ബന്ധുക്കളും.
ലൈബീരിയൻ പതാക വഹിച്ചിരുന്ന ചരക്കുകപ്പലായ 'എംവി എറ്റേണിറ്റി' സിയിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനിൽ കുമാർ. ഈ വർഷം ജൂലൈ 7-നാണ് ചെങ്കടലിൽ വെച്ച് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ തകർന്ന് മുങ്ങി. തുടർന്ന് അനിൽ കുമാറും മറ്റ് ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി. രക്ഷിക്കാനെത്തിയ മൽസ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവർ എത്തിച്ചത് ഹൂതി വിമതരുടെ അടുത്തേക്കായിയിരുന്നു. അങ്ങനെയാണ് തടവിലായത്.
ഇന്ത്യയും ഒമാനും ചേർന്ന് നടത്തിയ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. ഹൂതികൾ ബന്ദികളാക്കിയവരിൽ അനിൽകുമാർ അടക്കം 11 ജീവനക്കാരെ മോചിപ്പിച്ചു. 10 പേർ ഫിലിപ്പീൻസുകാരാണ്. യമനിലെ സനായിൽനിന്ന് ഒമാൻ എയർഫോഴ്സ് വിമാനത്തിൽ ബുധനാഴ്ച രാത്രി 11 പേരെയും മസ്കറ്റിലെത്തിച്ചു. എല്ലാ പൗരന്മാരെയും അതത് എംബസികൾക്ക് കൈമാറി.
ഫിലിപ്പീൻസ്, ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടെ നാല് ക്രൂ അംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നേരത്തെ, തിരുവനന്തപുരം സ്വദേശിയായ അഗസ്റ്റ്യൻ ഉൾപ്പെടെ ആറ് പേരെ യൂറോപ്യൻ യൂണിയൻ നേവൽ ഫോഴ്സ് രക്ഷപ്പെടുത്തി നാട്ടിൽ എത്തിച്ചിരുന്നു.