യു.എസ്– ഇസ്രയേല്‍ സംയുക്ത സേനയുടെ ആക്രമണത്തെ ഇറാനൊപ്പം ചെറുക്കുന്നത് നിലവില്‍ ലെബനനിലെ ഹിസ്ബുല്ലയാണ്. അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായി കനത്ത പോരാട്ടത്തിലാണ് ഇസ്രയേല്‍. എന്നാല്‍  ഇറാനെ അനുകൂലിക്കുന്ന  യെമനിലെ ഹൂതികളുടെ മൗനം ഏവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട് .  യെമന്‍റെ വടക്കുകിഴക്കന്‍ പ്രദേശത്തെ അധികാര കേന്ദ്രമാണ് ഹൂതികള്‍. ഇറാനു നേരെ യു.എസ്–ഇസ്രയേല്‍ സംയുക്ത സേന നടത്തുന്ന ആക്രമണത്തെ വാക്കുകൊണ്ട് മാത്രമാണ് ഹൂതികള്‍ എതിര്‍ക്കുന്നത്. 

2023 ലെ ഗാസയുദ്ധത്തില്‍ യു.എസിനും ഇസ്രയേലിനും നേര്‍ക്ക് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ആവശ്യമെങ്കിൽ യുഎസിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂതി പ്രഖ്യാപിച്ചത്. വിരലുകൾ തോക്കിന്‍റെ ട്രിഗറിലാണ്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഏത് നിമിഷവും പ്രതികരിക്കാൻ സജ്ജമാണെന്നും അല്‍–ഹൂതി പറയുന്നു. എന്നിട്ടും ഹൂതികള്‍ സംഘര്‍ഷത്തില്‍ ഇടപെടാത്തത് എന്തുകൊണ്ട്?

ഇറാന്‍ താല്‍പര്യമെടുക്കാത്തതിനാലാണ് ഹൂതികള്‍ സംഘര്‍ഷത്തില്‍ ഇടപെടാതിരിക്കുന്നത് എന്നാണ് യെമനിലെ രാഷ്ട്രീയ നിരീക്ഷകനായ സദാം അല്‍ ഹുറൈബിയുടെ അഭിപ്രായം. ഇറാന്‍ ആവശ്യപ്പെട്ടാല്‍ ഹൂതികള്‍ സംഘര്‍ഷത്തില്‍ ഇടപെടും. എന്നാല്‍ എല്ലാ പ്രോക്സികളെയും ഒന്നിച്ച് യുദ്ധത്തിനിറക്കാന്‍ ഇറാന്‍ താല്‍പര്യപ്പെടുന്നില്ല. അടുത്ത ഘട്ടത്തിലേക്ക് ഹൂതികളെ സുരക്ഷിതമാക്കുകയാണ് ഇറാന്‍ ഇപ്പോള്‍ ചെയ്യുന്നത്. യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ഇറാനെ തുടരെ ആക്രമിക്കുകയാണെങ്കില്‍ ഹൂതികള്‍ വെറുതെയിരിക്കില്ലെന്നും സനായില്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഗാസ യുദ്ധ സമയത്ത് ചെങ്കടലില്‍ യു.എസ്– ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ കനത്ത ആക്രമണമാണ് ഹൂതികള്‍ നടത്തിയത്. തിരിച്ചടിയായ കഴിഞ്ഞ ആഗസ്റ്റിൽ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അൽ-ഗുമാരി എന്നിവരുൾപ്പെടെ കുറഞ്ഞത് 12 ഉന്നത നേതാക്കളെ ഹൂതികള്‍ക്ക് നഷ്ടമായിരുന്നു. സമീപ ഭാവിയില്‍ ഹൂതികള്‍ വഴങ്ങിയ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു ഇത്. മൊസാദും സംഘവും നേതൃത്വത്തെ ഇല്ലാതാക്കുമോ എന്ന ഭയമാണ് പിന്മാറ്റത്തിനുള്ള കാരണം എന്നാണ് യെമൻ, ഗൾഫ് മേഖലകളിലെ സംഘര്‍ഷങ്ങള്‍ നിരീക്ഷിക്കുന്ന ലൂക്കാ നെവോളയുടെ നിരീക്ഷണം. 

ചെങ്കടലില്‍ അസ്ഥിരതയുണ്ടാക്കാന്‍ സാധിക്കുന്ന സായുധസംഘമാണ് ഹൂതികള്‍. ഗാസയ്ക്ക് പിന്തുണയുമായി 2023-2025 ചെങ്കടലില്‍ നിരന്തരം ഹൂതികള്‍ കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു. നാലു കപ്പലുകളെ ഹൂതികള്‍ മുക്കിയിരുന്നു. ഈ ആക്രമണത്തില്‍ ഒന്‍പതോളം നാവികരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഹൂതികള്‍ക്ക് കഴിയും. യുഎസ് യുദ്ധക്കപ്പലുകളും മേഖലയിലെ സൈനിക ആസ്തികളുമായിരിക്കും ഒപ്പം ലക്ഷ്യം വെയ്ക്കുക. ഇസ്രയേല്‍ ബന്ധമുള്ള യുഎഇയിലെ ഇടങ്ങും ഹൂതികള്‍ ലക്ഷ്യമിട്ടേക്കാം. സംഘര്‍ഷ സാധ്യത കനക്കുന്നതിനിടെ യെമനിലെ ജനങ്ങളും മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. അരിയും ഗോതമ്പും ഭക്ഷ്യ എണ്ണയും അടക്കം ഭക്ഷ്യസാധനങ്ങള്‍ ജനങ്ങള്‍ സംഭരിക്കുകയാണ്. 

ENGLISH SUMMARY:

As the Middle East teeters on the brink of an all-out war, the unexpected silence of Yemen’s Houthi rebels is raising eyebrows globally. While Lebanon's Hezbollah is locked in a fierce border battle with the US-Israeli joint forces, the Houthis, who previously terrorized Red Sea shipping lanes, have largely confined their response to rhetoric. Analysts suggest that Iran might be shielding its Yemeni proxy for a later stage of the conflict, or that the leadership is paralyzed by the fear of targeted assassinations following the loss of 12 top leaders in an Israeli strike last August.