നിമിഷപ്രിയ, അബ്ദുള്‍ ഫത്താഹ് മെഹ്ദി, സാമുവല്‍ ജെറോം.
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ സാമുവല്‍ ജെറോമിന്‍റെ അവകാശവാദങ്ങള്‍ തള്ളി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണങ്ങള്‍. കേസില്‍ സാമുവല്‍ ജെറോം ഒന്നും ചെയ്തിട്ടില്ലെന്നും അയാള്‍ അഭിഭാഷകനല്ലെന്നും മെഹ്ദി ആരോപിക്കുന്നു.
Also Read: 'തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല’; മാപ്പ് എന്ന് ഉറപ്പിക്കാതെ തലാലിന്റെ സഹോദരന്‍
ബിബിസി അടക്കം വിദേശ മാധ്യമങ്ങളില്‍ ഇയാള്‍ അഭിഭാഷകനായി എത്തുന്നതിനെ അബ്ദുള്‍ ഫത്താഹ് മെഹ്ദി ചോദ്യം ചെയ്യുന്നു. 'അയാള്‍ പറയുന്നത് പോലെ സാമുറല്‍ ജെറോം അഭിഭാഷകനല്ല. അയാള്‍ മീഡിയ ആക്ടിവിസ്റ്റും നിമിഷപ്രിയയുടെ കുടുംബത്തിന്‍റെ ഇവിടുത്തെ പ്രതിനിധിയുമാണ്. ബിബിസിയോട് അഭിഭാഷകനെന്ന് പറഞ്ഞത് ശരിയല്ല' എന്നാണ് മെഹ്ദിയുടെ പോസ്റ്റിലുള്ളത്.
തലാലിന്‍റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്കെന്ന പേരില്‍ വലിയ തുക ഇയാള്‍ സ്വീകരിക്കുന്നു എന്നാണ് രണ്ടാമത്തെ ആരോപണം. മധ്യസ്ഥത എന്ന പേരില്‍ വലിയ തുകകള്‍ സ്വീകരിക്കുന്നുണ്ട്. ഈയിടെ 40,000 ഡോളര്‍ ഇയാള്‍ സ്വന്തമാക്കിയെന്നും മെഹ്ദി പറയുന്നു. സാമുവല്‍ ജെറോം കേസില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ച ശേഷം സനയില്‍ വച്ച് കണ്ടപ്പോള്‍ അഭിനന്ദിച്ചു എന്നതാണ് പ്രധാന ആരോപണം.
'സാമുവല്‍ ജെറോമിനെ അത്രയ്ക്ക് പരിചയമില്ല. ഈ വിഷയത്തില്‍ ഇതുവരെ ഒരു ടെക്സറ്റ് മെസേജ് പോലും അയച്ചിട്ടില്ല. തന്‍റെ വാദങ്ങള്‍ ശരിയല്ലെങ്കില്‍ തെളിയിക്കാം. നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ച ശേഷം ഇയാളെ സനയില്‍ വച്ച് കണ്ടിരുന്നു. എന്‍റെ അരികില്‍ വന്ന് എന്നെ അഭിനന്ദിക്കുകയായിരുന്നു. പൂര്‍ണ സന്തോഷത്തോടെ 'ആയിരം അഭിനന്ദനങ്ങള്‍' എന്നാണ് എന്നോട് പറഞ്ഞത്. അതിന് മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കുള്ള ചെലവിനായി 20,000 ഡോളര്‍ ആവശ്യമാണെന്ന് പുറയുന്നതും കേട്ടു', എന്നിങ്ങനെയാണ് മെഹ്ദിയുടെ വാക്കുകള്‍.
വര്‍ഷങ്ങളായി മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം ഞങ്ങളുടെ ചോരയില്‍ കച്ചവടം നടത്തുകയാണ്. മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ മധ്യസ്ഥത. സത്യം ഞങ്ങള്‍ക്കറിയാം, കളവും വഞ്ചനയും നിര്‍ത്തിയില്ലെങ്കില്‍ അത് വെളിപ്പെടുത്തും എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അറബിയിലുള്ള പോസ്റ്റിന്‍റെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളും മെഹ്ദി പങ്കുവച്ചിട്ടുണ്ട്.