ധര്‍മസ്ഥലയില്‍ നിന്നും പുറത്തുവരുന്ന കൊലപാതക പരമ്പരകളെല്ലാം സത്യമെന്ന് കണ്ണൂര്‍ തളിപ്പറമ്പില്‍ താമസിക്കുന്ന അനീഷ് ജോയി. സ്ഥലത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്റെ പപ്പയേയും കൊല ചെയ്തതാണെന്ന് അനീഷ് ജോയി പറയുന്നു. തന്റേയും ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഇയാള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.
2018 ഏപ്രില്‍ അഞ്ചിനാണ് അനീഷ് ജോയിയുടെ പിതാവ് കെ. ജെ ജോയി ധര്‍മസ്ഥലയില്‍വച്ച് മരിക്കുന്നത്. മൂടഭദ്ര സ്റ്റേഷന്‍ പരിധിയിലുണ്ടായ ബൈക്ക് അപകടത്തെത്തുടര്‍ന്നാണ് മരിച്ചത്. അതൊരു സാധാരണ അപകടമരണമല്ലെന്ന് അന്നേ സംശയമുണ്ടായിരുന്നതിനെത്തുടര്‍ന്ന് മൂടഭദ്ര പൊലീസിനു പരാതി നല്‍കി.
ഇടിച്ച വണ്ടിയടക്കം രണ്ടു ദിവസം സ്റ്റേഷനിലുണ്ടായിരുന്നു, അതുകഴിഞ്ഞ് വിട്ടയച്ചു, ഇതിനു പിന്നില്‍ ഇവിടത്തെ പ്രമുഖന്‍മാരുണ്ടെന്നും ഇതിന്റെ പുറകേ വരേണ്ടെന്നും എസ്ഐ അനീഷിനോട് പറഞ്ഞു. ഇതിനു പുറകേ വന്നാല്‍ നിന്റെ ജീവനും ഭീഷണിയാകുമെന്നായിരുന്നു എസ്ഐ പറഞ്ഞത്, തുടര്‍ന്ന് അനീഷ് കണ്ണൂരിലേക്ക് താമസം മാറി.
അനീഷിന്റെ മുത്തശ്ശന്‍ കര്‍ണാടകയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്,45 ഏക്കര്‍ സ്ഥലം വെട്ടിപ്പിടിച്ചു. പുല്‍ത്തൈലം, റബ്ബര്‍, കശുവണ്ടിയൊക്കെ കൃഷി ചെയ്തു ജീവിച്ചു. ഇതിനിടെയിലാണ് സ്ഥലത്തെ പ്രമുഖനായ വീരേന്ദ്ര ഹെഗ്ഡെയ്ക്ക് ഈ സ്ഥലത്തില്‍ കണ്ണു വീഴുന്നത്. ധര്‍മസ്ഥലയിലേക്ക് വെറും നാലു കിമീ ദൂരമുള്ള റോഡിനോട് ചേര്‍ന്ന സ്ഥലമാണിത്. ഹെഗ്ഡേ സ്ഥലം അവര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. വെറുതേ നല്‍കണമെന്നായിരുന്നു ആവശ്യം.
ആയിടെ അനീഷിന്റെ പിതാവ് കെ.ജെ ജോയി കല്ലേരിയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചു. ആ പ്രദേശത്തെ പ്രധാന സ്ഥലം ബ്രോക്കറായ സുഭാഷ് ചന്ദ്ര ജെയിന്‍ സ്ഥലം വില്‍ക്കാനാവശ്യപ്പെട്ട് പിന്നാലെ വന്നു. ഒടുവില്‍ സ്ഥലം വില്‍ക്കാന്‍ കുടുംബം നിര്‍ബന്ധിതരായി. 23 ഏക്കര്‍ ഭൂമി 18 ലക്ഷത്തിനു വില്‍ക്കേണ്ടിവന്നു, അവര്‍ പറഞ്ഞ വിലയാണത്. കൊടുത്തില്ലെങ്കില്‍ ജീവിക്കാന്‍ സമ്മതിക്കില്ല, അങ്ങനെ അനീഷിന്റ പപ്പയുടെ സഹോദരങ്ങളെല്ലാം കേരളത്തിലേക്ക് പോന്നെങ്കിലും ഹോട്ടല്‍ നടത്തിപ്പിനായി കെ.ജെ ജോയി അവിടെ തന്നെ തുടര്‍ന്നു.
ബാക്കി സ്ഥലം കൂടി വില്‍ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നിര്‍ബന്ധം തുടങ്ങി. പപ്പ കൊടുക്കില്ലെന്നും പറഞ്ഞു. ഈ സ്ഥലം വച്ച് ഒരു ലോണെടുക്കാനായി പപ്പ അവിടെയൊരു ബാങ്കിലെത്തി. ബാങ്കിലെല്ലാം അവരുടെ ആളുകളായിരുന്നു. ഉടന്‍ തന്നെ വിവരം സുഭാഷ് ചന്ദ്രയറിഞ്ഞു. പ്രശ്നങ്ങള്‍ തുടര്‍ന്നു. ലോണാവശ്യപ്പെട്ട് ബാങ്കിലെത്തി ഒരുമാസത്തിനുള്ളില്‍ പപ്പ ബൈക്ക് അപകടത്തില്‍ മരിച്ചു. –അനീഷ് ജോയി പറയുന്നു.
ധര്‍മസ്ഥലയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളെല്ലാം നടന്നതു തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അനീഷ്. പപ്പയുടെ മരണത്തിലൂടെ തനിക്കത് ബോധ്യപ്പെട്ടു. നൂറോളം പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ അനീഷ് ധര്‍മസ്ഥലയിലെത്തി പൊലീസിനു വീണ്ടും പരാതി നല്‍കി, ഒപ്പം ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് തളിപ്പറമ്പ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.