• ചവറ തെക്കുംഭാഗം എസ്എച്ച്ഒ നേതൃത്വം നല്‍കും
  • കരുനാഗപ്പള്ളി എഎസ്പി മേല്‍നോട്ടം
  • ആവശ്യമെങ്കില്‍ ലുക്ക്ഔ​ട്ട് നോട്ടിസ്

കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാന്‍ എട്ടംഗ സംഘത്തെ നിയോഗിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് കരുനാഗപ്പള്ളി എഎസ്പി മേല്‍നോട്ടം വഹിക്കും. സതീഷിന്‍റെ ക്രൂരത ചിത്രീകരിച്ച ഫോണ്‍ കണ്ടെടുക്കുമെന്നും സതീഷിനെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ ലുക്ക് ഔട്ട് നോട്ടിസും പുറത്തിറക്കും. Also Read: ‘മൂത്രം കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു'

ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ കൊല്ലപ്പെട്ടതെന്ന അതുല്യയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.  കൊലക്കുറ്റം, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കുടുംബം സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ അതുല്യക്ക് ക്രൂരമര്‍ദനമേറ്റതായി തെളിഞ്ഞിരുന്നു. അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്ന് ഷാര്‍ജ പൊലീസിലും പരാതി നല്‍കും. ഇവര്‍ താമസിച്ചിരുന്ന ഫ്​ളാറ്റിലെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാകും അന്വേഷണം നടത്തുക.അതേസമയം, ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓഫിസില്‍ നിന്നും പലതവണ താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. Read More: പുലര്‍ച്ചെ മൂന്നിന് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യവീടിന്റെ മതില്‍ ചാടിക്കടന്നു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമായിരുന്നു മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സതീഷ് കടുത്ത മദ്യപാനിയായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. മദ്യപിച്ചാണ് സതീഷ് താലികെട്ടാന്‍ എത്തിയതെന്ന് അതുല്യയുടെ അച്ഛന്‍ വെളിപ്പെടുത്തി. തങ്ങളുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്‍റെ അമ്മ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവാഹം നടത്തിയതെന്നും ബാറില്‍ കയറി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷമാണ് വിവാഹപ്പന്തലിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

An eight-member police team has been assigned to investigate the death of Kollam native Athulya Sekharan in Sharjah. Police aim to recover the phone with footage of alleged cruelty by her husband, Satheesh, and have begun proceedings to bring him back to India, potentially issuing a lookout notice.