ഒരുപാട് കാലം ജീവിക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു ഷാര്‍ജയില്‍ മരിച്ച കൊല്ലം കോയിവിള സ്വദേശി അതുല്യയെന്ന് ബന്ധുക്കള്‍. സതീഷിന്റെ ക്രൂരതകളെക്കുറിച്ചെല്ലാം വിവാഹത്തിന്റെ ആദ്യകാലം മുതല്‍ തന്നെ പറഞ്ഞിരുന്നു. മാനസിക പ്രശ്നമുള്ളതുപോലെയാണ് തുടക്കം മുതല്‍ വീട്ടിലും ഓഫീസിലുമെല്ലാം പെരുമാറ്റം.
ഒരു ദിവസം സതീഷുമായി പ്രശ്നമുണ്ടായി അതുല്യ വീട്ടില്‍ വന്നുനിന്നു. അടുത്ത ദിവസം ഇവന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് സുഹൃത്തുക്കളുമായി അതുല്യയുടെ വീട്ടിലെത്തി. മതില്‍ചാടിക്കടന്ന് അകത്തേക്ക് പോയി. അയല്‍ക്കാര്‍ ഇടപെട്ടു, മരുമകനാണേലും സുഹൃത്തുക്കളേയും കൂട്ടി ഈ രീതിയില്‍ വീട്ടിലേക്ക് കയറിവരുന്നത് നല്ല സ്വഭാവമല്ലെന്ന് പറഞ്ഞെന്നും അയല്‍ക്കാര്‍ പറയുന്നു.
അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊന്നതാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. മകളെ വിളിച്ച് എന്റെ മോളേ അമ്മ മരിച്ചാല്‍ അമ്മയെ കൊന്നതാണെന്ന് കൂട്ടിക്കോയെന്ന് അതുല്യ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതുല്യയോടു മാത്രമല്ല, അതുല്യയുടെ അഛനോടും അമ്മയോടും ഭര്‍ത്താവ് സതീഷിന്‍റെ പെരുമാറ്റം ക്രൂരമായിരുന്നു. സതീഷിന്‍റെ വീട്ടുകാരോടും അകലം പാലിച്ചു.
ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ഓഫിസില്‍ നിന്നും പലതവണ താക്കീത് ലഭിച്ചിരുന്നതായും ഒപ്പം ജോലി ചെയ്തയാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കൃത്യമായി ജോലിക്കെത്താതെയും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് മുന്‍ സഹപ്രവര്‍ത്തകന്‍ പറയുന്നു.