ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കാണാതായ മലയാളി സുരക്ഷിതൻ. കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ശ്രീജ ഭവനത്തിൽ അനിൽകുമാർ വീട്ടിലേക്ക് വിളിച്ചു. താൻ യെമനിൽ സുരക്ഷിതനായെത്തിയെന്നും ഉടൻ വീട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അനിൽകുമാർ ഭാര്യ ശ്രീജയോടും മകൻ അനൂജിനോടും പറഞ്ഞു. കടലില്‍ ചാടി രക്ഷപെട്ടെന്നും യെമനില്‍ സുരക്ഷിതനാണെന്നും അനില്‍കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ കടലിലേക്കു ചാടിയെന്നും മറ്റൊരു കപ്പലിലെ ജീവനക്കാര്‍ തന്നെ രക്ഷിച്ചെന്നും ഒരു മലയാളി കൂടി ഒപ്പമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഈ മാസം 7 നാണ് ഹൂതികളുടെ ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി അനിൽകുമാർ അടക്കം 11 പേരെ കാണാതായത്. കപ്പലിൽ ആക്രമണം ഉണ്ടായപ്പോൾ അനിൽകുമാർ ഉൾപ്പെടെയുള്ളവർ കടലിലേക്ക് ചാടിയിരുന്നു. ഇവരെ ഒരു മൽസ്യബന്ധന കപ്പൽ രക്ഷിക്കുകയായിരുന്നു.
25 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നു പേർ ആക്രമണത്തിൽ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. 10 പേരെ ആദ്യം രക്ഷിച്ചിരുന്നു. ഗ്രീക്ക് കമ്പനിയുടെ ലൈബീരിയൻ റജിസ്ട്രേഷനിലുള്ള എറ്റേണിറ്റി സി കപ്പലാണ് ആക്രമണത്തിന് ഇരയായത്.