രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷം. പൂച്ചപെറ്റുകിടക്കുന്ന ഖജനാവും നിരന്തരമായ പ്ലാന്‍ കട്ടിങും കൊണ്ട് വിശ്വാസ്യത തകര്‍ന്ന ധനകാര്യ സംവിധാനമുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്യും എന്ന് പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. പൂര്‍ണമായി പരാജയപ്പെട്ട മേഖലകളില്‍ മാറ്റമുണ്ടാകുമെന്ന അവകാശം മാത്രമാണിതെന്നും അനാവശ്യമായ രാഷ്ട്രീയം കലര്‍ത്തി അവതരിപ്പിച്ചതോടെ ബജറ്റിന്‍റെ പവിത്രത നഷ്ടമാക്കിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ രേഖയാക്കി അവതരിപ്പിച്ചതാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയ പരാജയമായിരുന്നു. കഴിഞ്ഞ ബജറ്റില്‍ നീക്കി വച്ച തുക പോലും ഇതിനായി വിനിയോഗിച്ചില്ല. ധനകാര്യ വ്യവസ്ഥിതിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും സതീശന്‍ ആരോപിച്ചു.
പോകുന്ന പോക്കില്‍ ശമ്പള കമ്മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തതായി വരുന്ന സര്‍ക്കാര്‍ വേണം അത് നടപ്പിലാക്കാന്‍. അടുത്ത ബജറ്റ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും നടപ്പാക്കുന്ന ബജറ്റ് അതാകുമെന്നും സതീശന്‍ അവകാശപ്പെട്ടു. അടുത്ത സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്ന ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിലെ 75 ശതമാനം പദ്ധതികളും നടപ്പിലാക്കിയില്ല. വന്യജീവി ആക്രമണത്തിന് നീക്കി വച്ചത് കുറഞ്ഞ തുകയാണെന്നും അതില്‍ 40 ശതമാനം മാത്രമാണ് ചെലവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്തപ്പോള്‍ വര്‍ധിപ്പിക്കാത്ത ആശമാരുടെ ഓണറേറിയം ഇപ്പോള്‍ വര്‍ധിപ്പിച്ചത് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ അഞ്ചുമാസമായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ട്. മുന്‍പെങ്ങുമില്ലാത്ത സ്ഥിതിയാണിത്. ഈ ഖജനാവ് വച്ചാണ് ധനകാര്യമന്ത്രി ഈ ബജറ്റ് പ്രസംഗം നടത്തിയതെന്നും അതില്‍ പ്രതിപക്ഷത്തിന് അദ്ഭുതമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 1600 രൂപയായിരുന്ന സാമൂഹിക ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് 2020ലാണ് ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ നാലേമുക്കാല്‍ കൊല്ലം ഇതില്‍ ഒരു ചില്ലിക്കാശ് പോലും കൊടുത്തില്ലെന്നും അടുത്തയിടെയാണ് 600 രൂപ കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ തുടങ്ങിയത് ആര്‍.ശങ്കറിന്‍റെ കാലത്താണെന്നും വാര്‍ധ്യക പെന്‍ഷനും വിധവാ പെന്‍ഷനും കേരളത്തില്‍ സിപിഎമ്മോ, കമ്മ്യൂണിസ്റ്റ് സര്‍ക്കാരോ അല്ല ആരംഭിച്ചതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
അധികാരത്തില്‍ തിരിച്ച് വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ശമ്പള കമ്മിഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. അധികാരത്തിലുണ്ടായിരുന്നപ്പോളൊന്നും കമ്മിഷനെ നിയമിക്കുകയോ നടപടികള്‍ക്ക് തുടക്കമിടുകയോ ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഡിഎ കുടിശ്ശിക പ്രഖ്യാപിച്ചത് ഇപ്പോഴാണ്. ആറെണ്ണം. വലിയ തുകയാണത്. ഒരു ലക്ഷം കോടി. അത് കൊടുക്കാതെയാണ് ഈ സര്‍ക്കാര്‍ പോകുന്നതെന്നും അടുത്ത സര്‍ക്കാരിന്‍റെ തലയിലേക്ക് അത് കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.