കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസുകാരൻ മിഥുന്‍ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തില്‍ മൈനാഗപ്പള്ളി പഞ്ചായത്തിന്‍റെ വീഴ്ച അന്വേഷിക്കും. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധിക്കാതെ ഫിറ്റ്നസ് നല്‍കിയെന്നാണ് പരാതിക്ക് പിന്നാലെയാണ് അന്വേഷണം. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇടപെടല്‍.
തേവലക്കര സ്കൂളിന് ഫിറ്റ്നസ് നല്‍കിയതില്‍ മൈനാഗപ്പള്ളി പഞ്ചായത്തിന് വീഴ്ചയുണ്ടായെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. സ്കൂളിലെത്തി പരിശോധിക്കാതെയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന തെളിവാണ് പുറത്തുവന്നത്. സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കേണ്ട മാനദണ്ഡപ്രകാരമുള്ള പരിശോധന പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒന്‍പത് വര്‍ഷം മുന്‍പ് നിര്‍മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യുതി കമ്പി അപകടത്തില്‍ തുടരുമ്പോഴും കെട്ടിടം സുരക്ഷിതമെന്ന ഫിറ്റ്നസ് തന്നെ കൃത്യവിലോപത്തിന്‍റെ തെളിവാണ്. ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി പരിശോധിക്കാതെ ഒപ്പിട്ട കൈയൊഴിഞ്ഞുവെന്ന് വ്യക്തം.
അതേസമയം, വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അനുജന്‍ സുജിനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. തേവലക്കര സ്കൂളില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പിച്ചത്. നൊമ്പരക്കാഴ്ചയായി മകനെ ചേര്‍ത്തു പിടിച്ചുള്ള അമ്മ സുജയുടെ അന്ത്യചുംബനം. കൂട്ടുകാരുടേയും അധ്യാപകരുടേയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് തേവലക്കര സ്കൂളില്‍ നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്. മിഥുനെ അവസാനമായി കാണാന്‍ നാടൊന്നാകെയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.