കാസർകോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകട ഭീഷണിയായി ട്രാൻസ്ഫോമറും വൈദ്യുത ലൈനുകളും. സ്കൂളിന്‍റെ ഇരുമ്പ് പ്രവേശന കവാടത്തിനോട് ചേർന്നാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്. സ്കൂളിലേക്കുള്ള വൈദ്യുതി ലൈനാവട്ടെ അപകടകരമായ രീതിയിൽ സ്കൂൾ കെട്ടിടങ്ങൾക്ക് ഇടയിലൂടെയും.
1906ൽ കാസർകോട്ട് സ്ഥാപിതമായ പ്രശസ്തമായ സ്കൂളാണ് ബാസിൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ. എയ്ഡഡ് സ്കൂളായ ഇവിടെ അഞ്ചു മുതൽ പ്ലസ് ടു വരെയായി 700 ന് മുകളിൽ കുട്ടികളാണ് പഠിക്കുന്നത്. അവിടെയാണ് സ്കൂളിൻറെ പ്രധാന പ്രവേശന കവാടത്തോട് ചേർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ. വേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും സ്കൂളിൻറെ ഇരുമ്പ് കവാടത്തോട് മുട്ടിയാണ് ട്രാൻസ്ഫോമറും സുരക്ഷിതമല്ലാത്ത വൈദ്യുതി ലൈനുകളും.
സ്കൂളിലേക്കുള്ള ത്രീ ഫേസ് ലൈൻ കടന്നു പോകുന്നതാവട്ടെ കോമ്പൗണ്ടിലൂടെ, കെട്ടിടങ്ങൾക്ക് മുകളിലൂടെയാണ്. ഈ ലൈനുകൾ കവർ ചെയ്യാത്ത കേബിളുകൾ ആയതിനാൽ പൊട്ടി വീണാൽ അപകടം ഉറപ്പ്. മുമ്പ് സ്കൂൾ കവാടത്തോട് ചേർന്നുള്ള സുരക്ഷിതമല്ലാത്ത ലൈനുകൾ മാറ്റി, കവറിങ്ങുള്ള കേബിളുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ സ്കൂൾ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന ലൈൻ സുരക്ഷിതമാക്കാൻ മാത്രം നടപടി ഉണ്ടായില്ല. കാലങ്ങളായി വൈദ്യുതി ലൈനുകൾ ഇങ്ങനെയാണെന്നും മാറ്റിസ്ഥാപിക്കാൻ കെഎസ്ഇബിയിൽ കത്ത് നൽകുമെന്നും പ്രധാനധ്യാപകൻ അറിയിച്ചു. ഇതുവരെ അപകടം ഉണ്ടായിട്ടില്ല എന്നത് ഇനി അപകടം ഉണ്ടാകാതിരിക്കാൻ ഉള്ള കാരണമല്ലാത്തതുകൊണ്ടും, അപകടം ഉണ്ടായശേഷം വിലപിച്ചിട്ട് കാര്യമില്ലാത്തതുകൊണ്ടും അടിയന്തര ഇടപെടൽ ആവശ്യമാണ്.