രാവിലെ ട്യൂഷനു പോകും മുന്‍പ് അവന്‍ അച്ഛനോട് പറഞ്ഞു, ഒരു പുത്തന്‍ചെരുപ്പ് വാങ്ങിത്തരണേയെന്ന്, വൈകിട്ടാവാമെന്ന് അച്ഛന്‍ മറുപടിയും പറഞ്ഞു, എന്നാല്‍ പുത്തന്‍ചെരുപ്പിന് കാത്തുനില്‍ക്കാതെ ഒരു ചെരുപ്പിന്റെ പേരില്‍ത്തന്നെ അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു. കൂട്ടുകാരന്റെ ചെരുപ്പെടുത്തു കൊടുക്കാനായാണ് മിഥുന്‍ സ്കൂളിലെ ഷീറ്റിന്റെ മുകളിലേക്ക് കയറിയത്. കാലുതെന്നിയപ്പോള്‍ അവന്‍ പിടിച്ചത് വൈദ്യുതിക്കമ്പിയില്‍ ആയിരുന്നു. പിന്നാലെ കൂട്ടുകാര്‍ക്കു മുന്‍പില്‍ മരവിച്ച് തണുത്തുറഞ്ഞു ആ കുഞ്ഞുദേഹം.
ഇപ്പോള്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ തണുത്തുമരവിച്ച് അമ്മയെ കാത്തിരിക്കുകയാണ് പൊന്നുമോന്‍. കുവൈത്തിലേക്ക് ജോലിക്കുപോയ അമ്മയെ ഇന്നലെ രാത്രി വിഡിയോകോളിലൂടെയാണ് മിഥുന്റെ മരണം അറിയിച്ചത്. നാളെയോടെ വീട്ടിലെത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഒന്‍പതുമാസം മുന്‍പാണ് അമ്മ സുജ ജോലിക്കായി വിദേശത്തേക്ക് പോയത്. മക്കളുടെ പഠനത്തിന് മറ്റുവഴികളൊന്നുമില്ലാതായതോടെയാണ് സുജ കുവൈത്തിലേക്ക് പോയത്. കുഞ്ഞുങ്ങള്‍ അല്‍പം വളരട്ടേയെന്ന് കരുതിയാണ് സുജ ഇത്രയും കാലം കാത്തിരുന്നത്.
മിഥുന് പട്ടാളക്കാരനാകണമെന്നായിരുന്നു എന്നും ആഗ്രഹം പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ സ്കൂളിലെത്തിയപ്പോള്‍ ഫുട്ബോള്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മിഥുന്‍. ഈ വിവരം കൂട്ടുകാരോടെല്ലാം പങ്കുവച്ചു. ഇതിനിടെയാണ് ഒരു പിരീഡ് കഴിഞ്ഞപ്പോള്‍ കിട്ടിയ ചെറിയ ഇടവേളയില്‍ കൂട്ടുകാര്‍ തമ്മില്‍ ചെരുപ്പെറിഞ്ഞു കളിച്ചത്. അപ്പോഴാണ് കൂട്ടുകാരന്റെ ചെരുപ്പ് ഷീറ്റിനു മുകളിലേക്ക് വീണത്, ഒരു ചെരുപ്പിന്റെ വില നന്നായറിയാവുന്ന അവന്‍ സാഹസം കാണിച്ചു. വൈകിട്ട് തനിക്കൊരു പുത്തന്‍ചെരുപ്പ് കിട്ടുമല്ലോയെന്ന് അപ്പോഴും അവന്‍ ഓര്‍ത്തുകാണും.
വലിയ പ്രതീക്ഷയായിരുന്നു മിഥുനില്‍ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കുമുണ്ടായിരുന്നത്. പഠിത്തത്തിലും ഫുട്ബോളിലും മിടുക്കനായിരുന്നു. വീടിന്റെ ചുമര്‍ നിറയെ അവന്‍ വരച്ച ചിത്രങ്ങളായിരുന്നു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവന്‍. മരണവാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് വീട്ടിലേക്ക് എത്തിച്ചേര്‍ന്നത്. സ്കൂളിന്റേയും അധികൃതരുടേയും കനത്ത അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധവും നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്നു.