ഒന്‍പതു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഒന്നര വയസ്സുകാരി വൈഭവി പ്രവാസമണ്ണിനോട് ചേര്‍ന്നു. കഴിഞ്ഞ ഒന്‍പതാം തിയ്യതി ഉച്ചയ്ക്കാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റേയും ഷൈലജയുടേയും മകള്‍ വിപഞ്ചിക (33), മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റേയും സഹോദരിയുടേയും പിതാവിന്റേയും പീഡനത്തെത്തുടര്‍ന്ന് വിപഞ്ചിക ജീവനൊടുക്കിയതാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സംസ്കാരം നീണ്ടുപോയത്. 

കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും തമ്മില്‍ ധാരണയായതോടെയാണ് സംസ്കാരത്തിനുള്ള തടസങ്ങള്‍ നീങ്ങിയത്. ദുബായ് ജബല്‍ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ വൈകിട്ടായിരുന്നു സംസ്കാരച്ചടങ്ങ്. കുഞ്ഞിന്റെ മൃതശരീരം സംസ്കാരത്തിനു എത്തിച്ചപ്പോള്‍ പിതാവ് നിതീഷ് നിയന്ത്രണം വിട്ടുകരഞ്ഞു. കുഞ്ഞിനെ അവസാനമായി കാണാന്‍ നിതീഷിന്റേയും വിപഞ്ചികയുടേയും ബന്ധുക്കളും എത്തിയിരുന്നു.

വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മറ്റന്നാള്‍ വരെ ഷാര്‍ജയില്‍ അവധി ആയതിനാല്‍ തിങ്കളാഴ്ചയേ മൃതദേഹം നാട്ടിലെത്തിക്കാനാകൂവെന്നാണ് സൂചന. 

അമ്മയുടേയും മകളുടേയും സംസ്കാര കാര്യത്തില്‍ ധാരണയായെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി തീര്‍പ്പാക്കി. വിപഞ്ചികയുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോടും യുഎഇ കോണ്‍സല്‍ ജനറലിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.  ഉത്തരവിന്റെ പകര്‍പ്പ് ഉടന്‍ കൈമാറാനും നിര്‍ദേശിച്ചു. 

ENGLISH SUMMARY:

After nine days of uncertainty, one-and-a-half-year-old Vaibhavi was finally laid to rest beside her expatriate mother. On the afternoon of the 9th, Vipanchika (33), daughter of Maniyan and Shailaja from Rajitha Bhavan in Chandanathope, Kollam, and her daughter Vaibhavi were found hanging in their flat in Al Nahda, Sharjah. The funeral was delayed as allegations arose that Vipanchika ended her life due to harassment by her husband Nithish, his sister, and their father.