കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അനാസ്ഥയില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍. സ്കൂള്‍ ഷെഡ് ഉണ്ടാക്കിയത് അനധികൃതമായാണെന്നും അത് തടയേണ്ടത് പഞ്ചായത്താണെന്നും അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാജി തോമസ് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും കെ.എസ്.ഇ.ബിക്ക് ആരും പരാതി നല്‍കിയതായി അറിയില്ലെന്നും ഷാജി തോമസ് പറഞ്ഞു.
'കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഒരു അനാസ്ഥയും അവിടെ ഉണ്ടായിട്ടില്ല. കെഎസ്ഇബിയുടെ ലൈനിലേക്ക് ആ കുട്ടി വളരെ പ്രയാസപ്പെട്ട് കഷ്ടപ്പെട്ട് എത്തിച്ചേരുകയായിരുന്നു. സ്കൂള്‍ കെട്ടിടത്തിനകത്തുനിന്നും ആ ലൈനിലേക്ക് പോകുന്ന ഭാഗം സ്കൂള്‍ മാനേജ്മെന്‍റ് തടിക്കഷ്ണം കൊണ്ട് അടച്ചുവച്ചിരുന്നത് പൊളിച്ച് അതില്‍ക്കൂടി അകത്തുകയറി ഞെരുങ്ങി പോയി ലൈനിന്‍റെ കീഴില്‍ ചെല്ലുകയായിരുന്നു.
ആ മേല്‍ക്കൂരയിലേക്ക് ആര്‍ക്കും കയറാന്‍ പറ്റുന്നതല്ല. അങ്ങനെയാണ് അത് നിര്‍മിച്ചിരിക്കുന്നത്. അത് അനധികൃതമായി നിര്‍മിച്ച ഷെഡാണ്. ഒരു കെട്ടിടം അനധികൃതമാണോ അല്ലയോ എന്ന് പറയാനുള്ള അധികാരം കെഎസ്ഇബിക്കില്ലല്ലോ. അനധികൃതമായി അങ്ങനെ ഒരു നിര്‍മാണം വരുമ്പോള്‍ പഞ്ചായത്താണ് അതിനെ ചോദ്യം ചെയ്യേണ്ടത്, കെഎസ്ഇബി അല്ല. ഞങ്ങളുടെ കറണ്ട് ആ ഷെഡില്ലില്ല. ഒരു ബള്‍ബ് പോലും അതിലിട്ടിട്ടില്ല,' ഷാജി തോമസ് പറഞ്ഞു.
സ്കൂളിനകത്തുകൂടി ഒരു ഇലക്ട്രിക് ലൈന്‍ കടന്നുപോകരുതെന്നും സംഭവിച്ചത് വീഴ്ചയാണെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറയുമ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍റെ ന്യായീകരണം. ചെരുപ്പെടുക്കാന്‍ കെട്ടിടത്തിനു മുകളില്‍ കയറിയപ്പോഴായിരുന്നു ദുരന്തം. കെട്ടിടത്തിന് മുകളില്‍വച്ച് വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.