തേവലക്കര ബോയിസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍റെ മരണത്തില്‍ ഒടുവില്‍ നടപടിയുമായി കെ.എസ്.ഇ.ബി. തേവലക്കര സെക്ഷനിലെ ഓവര്‍സിയര്‍ എസ്.ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. ബിജുവിന്‍റെ ഭാഗത്ത് അക്ഷന്ത്യവമായ തെറ്റ് സെഭവിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ചീഫ് സേഫ്റ്റി കമ്മിഷണര്‍ ചീഫ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. 

തേവലക്കര സ്കൂളില്‍ പട്രോളിങ് നടത്തിയിട്ടും ശരിയായ വിവരം ധരിപ്പിക്കുന്നതില്‍ എസ്.ബിജു പരാജയപ്പെട്ടുവെന്നാണ് ചീഫ് സേഫ്റ്റി കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നത്. മിഥുന്‍റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തി വേണമെന്നു കാട്ടി റിപ്പോര്‍ട് മന്ത്രി മടക്കിയിരുന്നു. 

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ സ്കൂളില്‍ വച്ചാണ് ഷോക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. 13 വയസുകാരനായ മിഥുന്‍ കളിക്കുന്നതിനിടെ തെറിച്ചുവീണ ചെരുപ്പെടുക്കാന്‍ കെട്ടിടത്തിനു മുകളില്‍ കയറിയപ്പോഴായിരുന്നു ദുരന്തം. ചെരുപ്പെടുക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

Mithun’s Death: KSEB Finally Takes Action, Overseer Suspended