കൊല്ലം തേവലക്കരയില്‍ മിഥുന്‍റെ ജീവനെടുത്തത് വൈദ്യുതിയും വിദ്യാഭ്യാസവും തദേശവും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ വരുത്തിയ വന്‍ അനാസ്ഥ. സി.പി.എം ലോക്കല്‍ സെക്രട്ടേറി മാനേജറായുള്ള സ്കൂളും, സ്കൂള്‍ മുറ്റത്തോടെയുള്ള വൈദ്യുതിലൈനുകള്‍ മാറ്റാന്‍ ചെറുവിരല്‍ അനക്കിയില്ല. വീഴ്ച സമ്മതിച്ച വൈദ്യുതി മന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഒടുവില്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ച് പതിവുപോലെ തലയൂരി. മിഥുന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും കെ.എസ്.ഇ.ബി പ്രഖ്യാപിച്ചു. അപകടകാരണം വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി.മിഥുന്‍റെ ജീവനെടുത്ത ദുരന്തത്തെ അപകടമെന്ന് പോലും വിളിക്കാനാവില്ല. ദുരന്തം കണ്‍മുന്നിലുണ്ടെന്ന് എല്ലാവരും അറിഞ്ഞിട്ടും, പരിഹാര നടപടിയെടുക്കാതെ വിളിച്ചുവരുത്തിയ ദുരന്തം എന്ന് വേണം വിശേഷിപ്പിക്കാന്‍. ആ വീഴ്ചയ്ക്ക് 10 വര്‍ഷത്തോളം പഴക്കവുമുണ്ട്.
ദുരന്തത്തിന്‍റെ ഒന്നാം കാരണക്കാരന്‍ വൈദ്യുതിവകുപ്പാണ്. സ്കൂള്‍ കോംപൗണ്ടിലൂടെ വൈദ്യുതി ലൈന്‍ കടത്തിവിടരുതെന്ന നിയമമുണ്ടായിട്ടും കടത്തിവിട്ടു.ക്ലാസ് മുറിയില്‍ നിന്ന് മൂന്ന് മീറ്ററും ഷെഡില്‍ നിന്ന് 1.7 മീറ്ററും മാത്രം അകലെയായിരുന്നു വൈദ്യുതി ലൈന്‍. അത്തരം സുരക്ഷാഭീഷണികള്‍ പരിശോധിച്ച് പരിഹരിക്കേണ്ട വൈദ്യുതി വകുപ്പ് പരാതി ലഭിച്ചിട്ട് പോലും തിരിഞ്ഞുനോക്കിയില്ല. ഒന്നും രണ്ടും വര്‍ഷമല്ല, ഷെഡ് നിര്‍മിച്ച ശേഷമുള്ള പത്ത് വര്‍ഷത്തോളം കാലമാണ് ഈ അനാസ്ഥ തുടര്‍ന്നത്. ജീവനെടുത്ത ആ വീഴ്ച ഏറ്റുപറയേണ്ട ഗതികേടിലാണ് കേരളത്തിന്‍റെ വൈദ്യുതിമന്ത്രി.
രണ്ടാം പ്രതി സ്കൂള്‍ മാനേജ്മെന്റാണ്. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാല് പഞ്ചായത്തിലെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമടങ്ങിയതാണ് സ്കൂള്‍ മാനേജ്മെന്റ്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂള്‍. അത്രയും നാളായി ഈ വൈദ്യുതി ലൈന്‍ സ്കൂള്‍ മുറ്റത്തോടെ കടന്ന് പോകുന്നുണ്ട്. പത്ത് വര്‍ഷം മുന്‍പ് ഷെഡ് നിര്‍മിച്ചതോടെ ഷെഡില്‍ കയറിയാല്‍ ആര്‍ക്കും തൊടാവുന്ന അവസ്ഥയിലായി വൈദ്യുതി ലൈന്‍. രാഷ്ട്രീയത്തിലും അധികാരത്തിലും സ്വാധീനമുള്ള മാനേജ്മെന്റ് വൈദ്യുതിലൈന്‍ മാറ്റാന്‍ ഒരു ചുക്കും ചെയ്തില്ല. ഈ സുരക്ഷാ ഭീഷണി മറച്ചുവെച്ച് ഷെഡിന്‍റെയും സ്കൂള്‍ കെട്ടിടത്തിന്‍റെയും ഫിറ്റ്ന്സ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുകയും ചെയ്തു.
മന്ത്രി പറഞ്ഞിടത്ത് തന്നെയാണ് മന്ത്രിയുടെ സ്വന്തം വകുപ്പിന്‍റെ വീഴ്ച. സ്കൂള്‍ തുറക്കും മുന്‍പ് എല്ലാവര്‍ഷവും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം.സ്കൂള്‍ പരിസരത്ത് അപകടകരമായ വൈദ്യുതി ലൈനുകളുണ്ടെങ്കില്‍ അറിയിക്കണം എന്ന് പ്രത്യേക നിര്‍ദേശമുണ്ട്. ഇതൊന്നും ചെയ്യാതെ തെറ്റായ സര്‍ട്ടിഫിക്കറ്റിന്‍റെയോ അല്ലങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയോയാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.
പരിശോധിക്കുമെന്ന് പറഞ്ഞ് കയ്യൊഴിയാവുന്നതല്ല തദശേവകുപ്പിന്‍റെ കുറ്റം. ഫിറ്റനസ് സര്‍ഫിക്കറ്റ് നല്‍കേണ്ടത്തദേശസ്ഥാപനങ്ങളാണ്. ഈ സ്കൂളിന്‍റെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ വന്നപ്പോള്‍ എന്തുകൊണ്ട് വൈ്ദ്യുതിലൈന്‍ മാറ്റാന്‍ പറഞ്ഞില്ല, പിന്നെ എങ്ങിനെ സര്‍ട്ടിഫിക്കറ്റ് കൊടുത്തു, കൊടുത്തില്ലെങ്കില്‍ ഫിറ്റ്നസില്ലാതെ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് തൊട്ടടുത്തുള്ള പഞ്ചായത്ത് അറിഞ്ഞില്ലേ..ദുരൂഹതകളേറെയാണ്.
മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയക്കുന്നത് അവരെ അധ്യാപകര്‍ പൊന്നുപോലെ നോക്കുമെന്ന വിശ്വാസത്തിലാണ്. മിഥുന്‍ ആ ഷെഡിന്‍റെ പുറത്ത് കയറിയപ്പോള്‍ അത് കണ്ട് തടയാന്‍ ഒരു അധ്യാപകന്‍ പോലും അവിടെയില്ലാതെ പോയല്ലോ. അങ്ങനെ തടഞ്ഞിരുന്നെങ്കില്‍ അവന്‍ ഇപ്പോഴും നമുക്കൊപ്പം ഉണ്ടാവില്ലായിരുന്നു. അറിഞ്ഞുകൊണ്ടായിരിക്കില്ലെങ്കിലും അധ്യാപകരുടെ ആ ഉപേക്ഷയും ഈ ദുരന്തത്തിന് കാരണമാണ്.
ഒന്നാം പ്രതി–വൈദ്യുതി വകുപ്പ്
വീഴ്ചകള്‍
*സ്കൂള്‍ മുറ്റത്തൂടെ വൈദ്യുതി ലൈന്‍ കടത്തിവിട്ടു
*ക്ളാസ് മുറിയില്‍ നിന്ന് 3 മീറ്ററും ഷെഡില്‍ നിന്ന് 1.7 മീറ്ററും അകലത്തില്‍ വൈദ്യുതി ലൈന്‍
*പരാതി ലഭിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിച്ചില്ല
*അനാസ്ഥ തുടര്‍ന്ന് പത്ത് വര്‍ഷത്തോളം
രണ്ടാം പ്രതി–സ്കൂള്‍ മാനേജ്മെന്‍റ്
വീഴ്ചകള്‍
*നാല്‍പ്പത് വര്‍ഷമായിട്ടും വൈദ്യുതി ലൈന്‍ മാറ്റാന്‍ നടപടിയില്ല
*വൈദ്യുതി ലൈനിന്‍റെ കീഴെ ഷെഡ് നിര്‍മിച്ചു
*ഷെഡിന്‍റെ നിര്‍മാണ അനുമതി അനധികൃതമായി
*വൈദ്യുതി ലൈന്‍ മാറ്റാന്‍ ശ്രമിച്ചില്ല
*സ്കൂള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സുരക്ഷ ഉറപ്പാക്കാതെ വാങ്ങി
മൂന്നാം പ്രതി–വിദ്യാഭ്യാസ വകുപ്പ്
വീഴ്ചകള്‍
*വൈദ്യുതി ലൈന്‍ മാറ്റാന്‍ നടപടി സ്വീകരിച്ചില്ല
*ഷെഡ് വന്ന ശേഷമുള്ള പത്ത് വര്‍ഷത്തോളം സുരക്ഷാ ഭീഷണി അവഗണിച്ചു
*പ്രവര്‍ത്തിച്ചത് തട്ടിക്കൂട്ട് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ മറവില്‍
*പ്രധാനാധ്യാപകന്‍ മുതല്‍ ഡി.ഇ.ഒയ്ക്ക് വരെ ഉത്തരവാദിത്തം
നാലാം പ്രതി–തദേശവകുപ്പ്
വീഴ്ചകള്‍
*ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ നിര്‍ദേശിച്ചില്ല
*സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലങ്കില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം തടഞ്ഞില്ല
വീഴ്ച അധ്യാപകര്‍ക്കും
*മിഥുന്‍ ഷെഡിന് മുകളില്‍ കയറിയത് തടഞ്ഞില്ല
*സ്കൂളിലെ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതില്‍ വീഴ്ച