കൊല്ലം തേവലക്കര ഹൈസ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ മരിക്കാനിടയായതിനെക്കുറിച്ച് കെഎസ്ഇബി സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി കെ.എസ്.ഇ.ബി ചെയര്‍മാന് നിര്‍ദ്ദേശം നല്‍കി.
തേവലക്കര അപകടത്തില്‍ വൈദ്യുതി ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന് പറയുന്നുണ്ടെങ്കിലും അതിന് ഉത്തരവാദികളാരെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൊല്ലം തേവലക്കര ഹൈസ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ മരിക്കാനിടയായത് സിസ്റ്റത്തിന്റെ വീഴ്ച എന്നാണ് വൈദ്യുതി ബോര്‍ഡ് സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ കാതല്‍. സ്കൂള്‍ വളപ്പിലൂടെ കവചിതമല്ലാത്ത വൈദ്യുതി ലൈന്‍ ഒന്‍പതു വര്‍ഷമായി കടന്നുപോകുന്നതുതന്നെ സുരക്ഷാ വീഴ്ചയാണ്. പക്ഷെ ഉത്തരവാദികള്‍ ആരെന്ന് പറയുന്നില്ല.
വൈദ്യുതി ലൈനിന് തൊട്ടുതാഴെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണിത ഷെഡ് നീക്കം ചെയ്യാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കേണ്ടതായിരുന്നു. അത് പാലിക്കാത്ത ഉദ്യോഗസ്ഥന്‍ ആരെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ഇങ്ങനെ എങ്ങും തൊടാത്ത റിപ്പോര്‍ട്ടാണ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി തള്ളിയത് സ്കൂള്‍ വളപ്പിലെ വൈദ്യുതി ലൈന്‍ കവചിതമാക്കണമെന്ന് അപകടമുണ്ടാകുന്നതിന് ഏതാനും ദിവസം മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതും സുരക്ഷാ കമ്മിഷണര്‍ പിടിവള്ളിയാക്കി. റിപ്പോര്‍ട്ടിലെ വീഴ്ച പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം.