• 'കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കണം'
  • 'പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ വീഴ്ചയരുത്'
  • വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ജോലിയും കുടുംബത്തിന് കൂടുതല്‍ സഹായവും നല്‍കാന്‍ മാനെജ്മെന്‍റ് തയാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച മിഥുന്‍. സ്കൂളിന്‍റെ സാമ്പത്തിക സഹായം മിഥുന്‍റെ കുടുംബത്തിന് ഇന്ന് കൈമാറും. മിഥുന്‍റെ സഹപാഠികളടക്കമുള്ളവര്‍ക്ക് കൗണ്‍സിലിങും ലഭ്യമാക്കും. അതേസമയം, സംഭവത്തില്‍ വൈദ്യുതി ബോര്‍ഡ് സുരക്ഷാ കമ്മിഷണര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അപകടത്തെ തുടര്‍ന്ന് അടച്ച സ്കൂള്‍ നാളെ തുറക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

അതേസമയം, സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂലൈ 25 മുതല്‍ 31 വരെ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി പരിശോധന നടത്തും. വിദ്യാഭ്യാസവകുപ്പ് നാളെ ഉദ്യോസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. മേല്‍ക്കൂര തകര്‍ന്ന കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ സ്കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ പുതിയ കെട്ടിടത്തില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒരുകോടി രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടം അവിടെയുണ്ടെന്നും പഴയത് പൊളിക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്ഥാപനത്തിനാണെന്നും മന്ത്രി വ്യക്തമാക്കി. പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ പരക്കെ വീഴ്ച വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Following the tragic electrocution of 8th-grader Mithun at Tevalakkara school, Education Minister V. Sivankutty called for a job for his parents and increased financial support. He also mandated safety audits across all Kerala schools, with an electricity board report due today.