കൊല്ലത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായി 18 കാരൻ കൊല്ലപ്പെട്ടതോടെ അനാഥമായത് ഒരു കുടുംബമാണ്. രോഗികളായ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതായിരുന്നു ഹരികൃഷ്ണന്റെ കുടുംബം. പാർക്കിൻസൺസ് രോഗ ബാധിതനായ അച്ഛൻ ജയസേനൻ്റെയും കൈയിന് സുഖമില്ലാത്ത അമ്മ രജനിയുടെയും ചികിത്സിയ്ക്കും വീട്ടുകാര്യങ്ങൾക്കുമൊക്കെയായി പണം കണ്ടെത്താൻ പഠനത്തിനൊപ്പം ചില്ലറ ജോലികളും ചെയ്താണ് ഹരികൃഷ്ണൻ കുടുംബം നോക്കിയിരുന്നത്. പട്ടാളക്കാരനാകണം എന്നതായിരുന്നു ഹരികൃഷ്ണന്റെ ആ​ഗ്രഹം.

ക്ഷേത്രോത്സവത്തിനിടെ നടന്ന സംഘർഷമാണ്  ഹരികൃഷ്ണന്റെ മരണത്തിന് ഇടയാക്കിയത്. കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം  ഹരികൃഷ്ണനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആക്രമണത്തിന്റെ വ്യാപ്തി പുറം ലോകം അറിയുന്നത്. 18 വയസ്സുകാരനായ വിദ്യാർഥിയെ ഒരു സംഘം ആളുകൾ ചുറ്റും കൂടി നിന്നു ക്രൂരമായി മർദിക്കുന്നതും ഇതിനിടെ പ്രതികളിൽ ഒരാൾ വലിയ തടിക്കഷ്ണവുമായി എത്തി ഹരികൃഷ്ണന്റെ തലയിൽ ആഞ്ഞടിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആ അടിയുടെ ശബ്ദവും വിഡിയോയിൽ വ്യക്തമായി കേൾക്കാം

ഇതിനിടെ സഹോദരി അമ്മു തന്റെ കൈക്കുഞ്ഞുമായി എത്തി കരഞ്ഞു കൊണ്ടു ബോധം നഷ്ടപ്പെട്ടു കിടക്കുന്ന ഹരികൃഷ്ണനെ പിടിച്ച് എഴുന്നേൽപിക്കാനും ശ്രമിക്കുന്നുണ്ട്. സഹോദരിയുടെ ഭർത്താവ് രാജേഷ് അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെയും സംഘം ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഒരാൾ ‘കൊല്ലടാ... അവനെ, കൊല്ലടാ.. അവനെ’ എന്ന ഉറക്കെ വിളിച്ചു പറയുന്നതും കേൾക്കാം.

കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. മകന്റെ മരണവാർത്തയറിയാതെ, അവൻ ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് അമ്മ. 

ENGLISH SUMMARY:

Kollam mob lynching tragically claims the life of an 18-year-old, leaving his ailing family orphaned. This brutal incident occurred during a temple festival, highlighting a disturbing surge in mob violence. Malayala Manorama Online News provides ongoing coverage of this developing story and its repercussions.