രാവിലെ സ്കൂളില്‍ കൊണ്ടാക്കിയ മകന്‍ ഇനി ജീവനോടെ ഇല്ല എന്നത് ഉള്‍ക്കൊള്ളാനാലാതെ നില്‍ക്കുകയാണ് മിഥുന്‍റെ അച്ഛന്‍ മനു. മേസ്തിരി പണിക്കാരനായ മനുവിന് മിഥുന്‍ ഉള്‍പ്പെടെ രണ്ട് മക്കളാണ്. ഇളയ കുട്ടി ആറാം ക്ലാസില്‍ പഠിക്കുകയാണ്. മിഥുന്‍റെ അമ്മ ഗള്‍ഫിലും. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതെ മനുവിന്‍റെ വാക്കുകള്‍ ഇടറി.
'ഇവിടെ വന്ന് പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. എനിക്ക് അത്രയേ അറിയത്തുള്ളൂ. സ്കൂളിന്‍റെ അനാസ്ഥയാണോ എന്താണെന്ന് അറിയില്ല. മറ്റ് കാര്യങ്ങളൊന്നും അറിയില്ല. എന്‍റെ മോനെ എനിക്ക് നഷ്ടപ്പെട്ടു. അത്രയേ അറിയത്തുള്ളൂ. ഇന്ന് പണി ഇല്ലായിരുന്നു. സ്കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ്,' മനു പറഞ്ഞു.
സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്നാണ് പതിമൂന്നുകാരന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയ മിഥുനാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും നിര്‍ദേശം നല്‍കി. അപകടാവസ്ഥയെപ്പറ്റി പലതവണ കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു