കൊല്ലം തേവലക്കര സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍റെ മരണത്തില്‍ വ്യാപക പ്രതിഷേധം. വിവിധ വിദ്യാര്‍ഥി യുവജന സംഘടനകള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തേവലക്കര സ്കൂളിന് മുന്നില്‍ ബിജെപി – എബിവിപി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധമുണ്ടായി. കെഎസ്‌യു –യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഭരണപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളായ എസ്എഫ്ഐയും എഐവൈഎഫും പ്രതിഷേധം നടത്തി. കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായും എബിവിപിയും കൊല്ലം ജില്ലയിലും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും കെഎസ്‍യു അറിയിച്ചു.
Also Read: ഒന്നാം പ്രതി വൈദ്യുതവകുപ്പ്, രണ്ടാം പ്രതി സ്കൂള്‍ മാനേജ്മെന്‍റ്; 'സിസ്റ്റം' കൊലപ്പെടുത്തിയ മിഥുന്‍
മരിച്ച വിദ്യാര്‍ഥി മിഥുന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വിദേശത്തായതിനാല്‍ സംസ്കാരം പിന്നീട് നടക്കും. തുര്‍ക്കിയിലുള്ള അമ്മയെ മരണവിവരം അറിയിച്ചിട്ടുണ്ട്.
സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. വലിയപാടം സ്വദേശി മനുവിന്റെ മകനാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടത്തില്‍ മാനേജ്മെന്‍റിനും കെ.എസ്.ഇ.ബി.ക്കും വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സമ്മതിച്ചിരുന്നു.
Also Read: മിഥുന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം; വീഴ്ച സംഭവിച്ചതായി വൈദ്യുതി മന്ത്രി
അപകടം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അപകടകാരണം വിശദമായി പരിശോധിക്കുമെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു.