കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. മാനേജ്മെന്‍റിനും കെ.എസ്.ഇ.ബി.ക്കും വീഴ്ച സംഭവിച്ചെന്നാണ് മന്ത്രി പറഞ്ഞത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കുടുംബത്തിന് സഹായം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
'വൈദ്യുതി ലൈനും ഷെഡും തമ്മില്‍ മതിയായ അകലമില്ല. വൈദ്യുതി ലൈനിന് മതിയായ ഉയരമുണ്ടായിരുന്നില്ല. ഷെഡ് കെട്ടുമ്പോള്‍ മാനേജ്മെന്‍റ് വേണ്ട അനുമതി വാങ്ങിയിരുന്നില്ലെന്നും കെ. കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. മിഥുന്റെ കുടുംബത്തിന് ആദ്യ ഘട്ടത്തില്‍ 5 ലക്ഷം സഹായം നല്‍കും. കെ.എസ്.ഇ.ബിയാണ് സഹായം നല്‍കുക. പിന്നീട് കൂടുതല്‍ തുക അനുവദിക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
കുട്ടി ഷോക്കേറ്റ് മരിച്ച സംഭവം ചീഫ് സേഫ്റ്റി കമ്മീഷണര്‍ അന്വേഷിക്കും. ഒന്നര ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയും ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. തേവലക്കര സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. വിദ്യാര്‍ഥിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം, ഡിഇഒ ഉത്തരം പറയണം, പ്രാപ്തിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണമെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. വീഴ്ചയുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകും. സ്കൂള്‍ നടത്തുന്നത് ജനകീയ സമിതിയാണെന്നും അതില്‍ സിപിഎംകാരുമുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. വലിയപാടം സ്വദേശി മനുവിന്റെ മകനാണ്. അപകടാവസ്ഥയെപ്പറ്റി പലതവണ കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.