പാലക്കാട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗം ബാധിച്ചു മരിച്ച കുമരംപുത്തൂർ ചെങ്ങലീരി സ്വദേശിയുടെ മകനാണ് നിപ പോസിറ്റീവായത്. 32കാരൻ പാലക്കാട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. അതിനിടെ മണ്ണാർക്കാട് കണ്ടെയ്‌ൻമെന്റ് സോണിൽ യുവാവും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യുവാവിനെതിരെ പൊലീസ് കേസെടുത്തു.
പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസലേഷനിലാണ് 32 കാരൻ. കഴിഞ്ഞ ആഴ്ചയാണ് പിതാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെടുന്നതും പിന്നാലെ നിപ എന്ന സ്ഥിരീകരിക്കുന്നതും. പിതാവിനൊപ്പം ആശുപത്രിയിൽ പരിചരണത്തിനു 32 കാരനും ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പ്രാഥമിക ഫലം പോസിറ്റീവാണ്. ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ആളാണിത്.
കുടുംബത്തിലെ മറ്റൊരാൾക്ക് കൂടി പനിയുടെ ലക്ഷണങ്ങളുണ്ട്. അവരുടെ പരിശോധനാഫലം ഉടൻ വരും. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നത്. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പ്രഖ്യാപിച്ച മേഖലകളിൽ കർശന നിയന്ത്രണം തുടരും. ജില്ലയിൽ പനി, ചുമ, ജലദോഷം എന്നീ രോഗലക്ഷണങ്ങളോടു കൂടിയ പകർച്ചവ്യാധികൾ ഉള്ള എല്ലാ രോഗികളും അസുഖം മാറുന്നതുവരെ നിർബന്ധമായും മാസ്ക് ധരിക്കാൻ ജില്ല മെഡിക്കൽ ഓഫിസർ നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതിനിടെ മണ്ണാർക്കാട് കണ്ടൈൻമെന്റ് സോണിൽ പൊലീസും യുവാവും തമ്മിൽ തെറിവിളിയും കയ്യാങ്കളിയുമുണ്ടായി. കണ്ടൈൻമെന്റ് സോണിന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഇരുചക്രവാഹനവുമായി എത്തിയ ചെങ്ങിലീരി സ്വദേശി എം.ആർ. ഫാറൂഖും തടഞ്ഞ പോലീസുമായാണ് തർക്കം. പൊലീസ് ഇയാളുടെ ചെവിയിൽ തെറി വിളിച്ചെന്നും വലിയ രീതിയിൽ മർദ്ദിച്ചന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥന് നേരെ യുവാവും അസഭ്യവർഷം നടത്തി. ഫാറൂഖിനെതിരെ പൊലീസ് കേസെടുത്തു