യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നടത്തിയ ചർച്ചകൾ ആശാവഹമെന്ന് പ്രതിനിധി സംഘം. ചർച്ചകൾ തുടരുമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെ, പ്രതിനിധി സംഘം അറിയിച്ചു. അബൂബക്കർ മുസ്‌ലിയാരുടെ നിർദ്ദേശപ്രകാരം പ്രമുഖ സൂഫി പണ്ഡിതൻ ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിൾ ആണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും ദയാധനം വാങ്ങി മാപ്പ് നൽകണമെന്നും കുടുംബത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തോട് അനുകൂലമായാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിക്കുന്നത്. അതിനാൽ ചർച്ചകൾ ഫലം കാണും എന്നാണ് പ്രതീക്ഷ.
യെമനിൽ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.ഇതിനിടെ നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെങ്കിൽ സഹായം നൽകാൻ തയാറാണെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനുള്ള ശ്രമം തുടരുന്നുണ്ട്.