കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍, ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ്, നിമിഷപ്രിയ

കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍, ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ്, നിമിഷപ്രിയ

ആശങ്കകള്‍ക്കൊടുവില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് രാജ്യത്തിനാകെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് യെമന്‍ ഭരണകൂടം വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കാന്തപുരം എപി അബുബക്കര്‍ മുസ്​ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളാണ് ഒടുവില്‍ ലക്ഷ്യത്തിലെത്തിയത്. ഇതിനൊടുവിലായി വധശിക്ഷ മാറ്റി വയ്ക്കുന്നതായി അറ്റോണി ജനറല്‍ ഉത്തരവിറക്കുകയുമായിരുന്നു. 

Also Read: ദൈവം കൈവിടില്ല; നിമിഷപ്രിയയുടെ കൈ പിടിച്ച് വരും; അമ്മ പ്രേമകുമാരി

ഇന്ത്യയ്ക്ക് നയതന്ത്രപരമായി ഇടപെടല്‍ നടത്താന്‍ തീര്‍ത്തും വിരളമായ സാധ്യത മാത്രമുള്ളിടത്താണ് സ്വകാര്യ ഇടപെടലുകള്‍ നിര്‍ണായകമായത്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രമായി ഇടപെടാന്‍ പരിമിതികളുള്ള പ്രദേശമായ സനയിലാണ് നിമിഷപ്രിയ അറസ്റ്റിലായതെന്നതാണ് പ്രധാന കാരണം. ഈ പ്രദേശമാട്ടെ ഹൂതികളുടെ നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്ന് കഴിഞ്ഞ ദിവസം അറ്റോണി ജനറൽ ആര്‍. വെങ്കടരമണിയും കോടതിയെ അറിയിച്ചിരുന്നു. 

യെമനിലെ സങ്കീര്‍ണ സാഹചര്യം തന്നെയാണ് ഇതിന് കാരണം. യെമനില്‍ കാര്യമായൊന്നും ഇന്ത്യയ്ക്ക് ചെയ്യാനാകില്ല. ഇവിടെ ഭരിക്കുന്ന ഹൂതികളെ നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ല. യെമനിൽ ഇന്ത്യക്ക് എംബസി ഇല്ലെന്നതും ഈ സങ്കീര്‍ണതയേറ്റി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പകരം,ലോക രാജ്യങ്ങള്‍ അംഗീകരിച്ച ഏഡനില്‍ വച്ചാണ് നിമിഷപ്രിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നും കോടതിയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

അനൗദ്യോഗികമായ മാർഗങ്ങളിലൂടെയാണ് സർക്കാർ ഇടപെടലെന്നാണ് അറ്റോണി ജനറൽ കോടതിയെ അറിയിച്ചത്. യെമനില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു അറ്റോണി ജനറലിന്‍റെ വിശദീകരണം. യെമന്‍റെ തലസ്ഥാനമടക്കമുള്ള മേഖല ഭരിക്കുന്ന ഹൂതികളുമായി ഇന്ത്യയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. തലസ്ഥാനമായ സനയിലാണ് നിമിഷ പ്രിയ ജയിലില്‍ കഴിയുന്നത്. ലോകത്തെ മറ്റിടം പോലെയല്ല യെമന്‍. പൊതുവായി പോയി സ്ഥിതിഗതികൾ സങ്കീർണ്ണമാക്കാതെ സ്വകാര്യ ഇടപെടല്‍ ശ്രമിക്കുകയാണെന്നും ചില ഷെയ്ഖമാരെയും അവിടെ സ്വാധീനമുള്ള ആളുകളെയും ഇടപെടിക്കുന്നുണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്. 

Also Read: ലഹരിക്കടിമയായ തലാല്‍; തൂക്കുകയര്‍ കാത്ത് നിമിഷപ്രിയ; കേസില്‍ സംഭവിച്ചത് എന്ത്?

ഇതാണ് കേസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍ ഇടപെടാനുമുണ്ടായ കാരണം.  കാന്തപുരത്തിന്‍റെ നിർദ്ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തുന്ന ചര്‍ച്ചകളാണ് നിമിഷപ്രിയയുടെ കേസില്‍ നിര്‍ണായകമായത്. 

കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി അടക്കം ഉമർ ബിൻ ഹാഫിസിന്‍റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതുവരെ അടുക്കാതിരുന്ന കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ഉമർ ബിൻ ഹാഫിസിന്‍റെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സമ്മതിച്ചത് കേസില്‍ അനുകൂലമായാണ് കാണുന്നത്. തലാലിന്‍റെ കൊലപാതകം, വീട്ടുകാര്‍ക്കപ്പുറം ധമാര്‍ മേഖലയിലടക്കം വൈകാരികമായ വിഷയമാണ്. ഇക്കാരണത്താലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഇതിനുമുമ്പ് ബന്ധം സ്ഥാപിക്കാനാകാന്‍ സാധിക്കാത്തതിരുന്നത്. കാന്തപുരത്തിന്‍റെ ഇടപെടലിലൂടെയാണ് കുടുംബവുമായി ആദ്യമായി ആശയവിനിമയം സാധ്യമായത് കേസില്‍ അനുകൂലമാണ്. 

ENGLISH SUMMARY:

The stay of Nimisha Priya's death sentence highlights the complex diplomatic challenges in Yemen. With Sana'a under Houthi control, India had no formal channels to intervene, relying instead on private efforts by figures like Kanthapuram A.P. Aboobacker Musliyar and Sheikh Habib Umar bin Hafiz to negotiate with the victim's family.