യെമന്‍ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇത് നീട്ടുകൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തുവന്നത്.
നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം തലാലിന്‍റെ കുടുംബത്തിന്‍റെ മാപ്പ് മാത്രമെന്നതാണ് നിലവിലെ സ്ഥിതി. അതിനുള്ള ചര്‍ച്ചകളാണ് നിലവില്‍ തുടരുന്നത്.
Also Read: യെമൻ പൗരനെ വധിച്ച കേസ്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ്
നിമിഷപ്രിയക്ക് മാപ്പ് നല്‍കാനായി കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിന് ദയാധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തുകയെത്രയെന്ന് കുടുംബം അറിയിച്ചിട്ടില്ല. ഒരു മില്യന്‍ ഡോളര്‍ നല്‍കാമെന്ന് ആക്ഷന്‍ കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2017 ല്‍ നടന്ന കൊലപാതകമാണ് നിമിഷപ്രിയയ്ക്ക് കുരുക്കായത്. സഹപ്രവര്‍ത്തകനായ തലാൽ അബ്ദുമഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്.
2017ലാണ് യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തുന്നയാളാണ് തലാൽ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. 2017 ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്.