യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതുസംബന്ധിച്ച് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു.
നിയമവഴികളെല്ലാം അടഞ്ഞു. നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം തലാലിന്റെ കുടുംബത്തിന്റെ മാപ്പ് മാത്രമെന്നതാണ് നിലവിലെ സ്ഥിതി. അതിനും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ജൂലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയക്ക് മാപ്പ് നല്‍കാനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു എന്നാണ് വിവരം. എന്നാല്‍ തുകയെത്രയെന്ന് കുടുംബം അറിയിച്ചിട്ടില്ല. ഒരു മില്യന്‍ ഡോളര്‍ നല്‍കാമെന്ന് ആക്ഷന്‍ കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാപ്പാണ് ഏക പോംവഴിയെന്നും ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം മനോരമ ന്യുസിനേട് പറഞ്ഞു
സനായിലെ ജയിലില്‍ 2017 മുതല്‍ തടവിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്. വിധിക്കെതിരായ അപ്പീലുകള്‍ മേല്‍കോടതികള്‍ തള്ളിയിരുന്നു. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് വന്നിരിക്കുന്നത്.
സര്‍ക്കാര്‍ ഇടപെടലില്‍ വീഴ്ചയില്ലെന്നു കെ.ബാബു എംഎല്‍എ പ്രതികരിച്ചു. അവിടെ നിയന്ത്രിക്കുന്നത് ഗോത്രസമുദായമാണ് . കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്ലരീതിയില്‍ ഇടപെട്ടു. എത്രശ്രമിച്ചാലും ഗോത്രസമുദായ ഇടപെടലാണ് പ്രധാനമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയാണ് ബാബു