യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്‍റെ ചോദ്യങ്ങള്‍.
"അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാൻ നിങ്ങൾ ഈ 'മനുഷ്യത്വപരമായ കാരണങ്ങൾ' നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്.
ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസ്സപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാൾ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി.
യഥാർത്ഥ വേദനയും അടിച്ചമർത്തലും എന്താണെന്ന് നിങ്ങൾക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കിൽ കുഴിച്ചുമൂടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ! എന്നിട്ടാണ് 'മനുഷ്യത്വം' എന്ന മുദ്രാവാക്യമുയർത്തി അവരുടെ രക്തം കൊണ്ട് കച്ചവടം ചെയ്യാൻ ആളുകൾ വരുന്നതെന്നും ഫത്താഹിന്‍റെ കുറിപ്പിലുണ്ട്.
നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടാന്‍ ഇറാന്‍ തയ്യാറാകുന്നു എന്ന ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ പോസ്റ്റ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രമായി ഇടപെടാന്‍ പരിമിതികളുള്ള പ്രദേശമായ സനയിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. ഇറാന്‍ പിന്തുണയുള്ള വിമതസേനയായ ഹൂതികളുടെ തലസ്ഥാന നഗരമാണിത്. ഇതിനാലാണ് വിഷയത്തില്‍ ഇറാന്‍റെ ഇടപെടല്‍ നിര്‍ണായകമാകുന്നത്.