ഇറാനില്‍ ഭരണകൂടത്തിനിനെതിരെ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ യുഎസ് ഇടപെടുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് എത്തിയതോടെ ആറു പേരാണ് കൊല്ലപ്പെട്ടത്.
''സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാൻ വെടിവെച്ച് ക്രൂരമായി കൊല്ലുകയാണെങ്കിൽ, അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും. ഞങ്ങൾ അതിന് സർവ്വസജ്ജരും തയ്യാറുമാണ്'' എന്നാണ് ട്രംപ് എഴുതിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മോശം സാമ്പത്തിക സ്ഥിതിയിലും ഇറാന്‍ റിയാലിന്‍റെ മൂല്യതകര്‍ച്ചയിലും ടെഹ്റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തുടനീളം വ്യാപിച്ചത്.
അതേസമയം, ട്രംപിന്‍റെ മുന്നറിയിപ്പിനോട് ഇറാന്‍ തിരിച്ചടിച്ചു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ മേഖലയിലടക്കം കുഴപ്പങ്ങളുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളെ പിന്തുണച്ച് മൊസാദ് രംഗത്തെത്തിയിരുന്നു. 'ഒന്നിച്ചു തെരുവിലിറങ്ങുക. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്,' എന്നാണ് മൊസാദിന്‍റെ പേർഷ്യൻ ഭാഷയിലുള്ള എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്.
യു.എസ് ഡോളറിനും മറ്റു വിദേശ കറന്‍സികള്‍ക്കും എതിരെ ഇറാന്‍ റിയാല്‍ നേരിടുന്ന മൂല്യ തകര്‍ച്ചയാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ സാധനങ്ങള്‍ക്ക് തീവിലയായത് ചില്ലറവ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയായി. തിങ്കളാഴ്ച ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം 13,90,000 എന്ന പുതിയ റെക്കോർഡ് എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറു േപര്‍ കൊല്ലപ്പെട്ടതായാണ് വിവരം.